അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം തേടിയിറിങ്ങിയ ഡല്‍ഹി കാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. നിര്‍ണായക മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്. പൃഥ്വി ഷാ (9) യുടെ വിക്കറ്റാണ് നഷ്ടമായത്. അജിന്‍ക്യ രഹാനെ (25), ശിഖര്‍ ധവാന്‍ (30) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് സിറാജാണ് വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ ദേവ്ദത്ത് പടിക്കലിന്റെ (50) അര്‍ധ സെഞ്ചുറിയാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

പൃഥ്വി ഒരിക്കല്‍കൂടി നിരാശപ്പെടുത്തുന്ന കാഴ്ചയാണ് അബുദാബിയില്‍കണ്ടത്. സിറാജ് എറിഞ്ഞ രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിച്ചു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന ധവാന്‍ ഇതുവരെ നാല് ബൗണ്ടറികള്‍ നേടി. രഹാനെ- ധവാന്‍ സഖ്യം 47 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ ദേവ്ദത്തിന് പുറമെ  എബി ഡിവില്ലിയേഴ്‌സ് (35), വിരാട് കോലി (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ജോഷ് ഫിലിപ്പെ (12), ക്രിസ് മോറിസ് (0), ശിവം ദുബെ (17), ഇസുരു ഉഡാന (4)എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (1), ഷഹബാസ് നദീം (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ജെ മൂന്ന് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ദേവ്ദത്ത്- കോലി സഖ്യം നേടിയ 40 റണ്‍സാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്. 41 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. 

ഇന്ന് പരാജയപ്പെട്ടാലും ഇരു ടീമുകള്‍ക്കും പ്ലേഓഫിലെത്താന്‍ അവസരമുണ്ട്. ഡല്‍ഹിക്ക് 134 റണ്‍സ് നേടിയാല്‍ റണ്‍റേറ്റ് കുറായാതെ കാക്കാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോളം റണ്‍റേറ്റ് താഴില്ല. ബാംഗ്ലൂരിനാവട്ടെ മത്സരം 17.3 ഓവറിനപ്പുറത്തേക്ക് കൊണ്ടുപോയാല്‍ ആദ്യ നാലില്‍ തന്നെ തുടരാം. ഇത്രയും ഓവറിന് മുമ്പ് ഡല്‍ഹി ജയിച്ചാല്‍ ബാഗ്ലൂരിന് പുറത്തേക്കുള്ള വഴി തെളിയും. 

തുടര്‍ച്ചയായി നാല് കളി തോറ്റാണ് ഡല്‍ഹി കാപിറ്റല്‍സ് എത്തുന്നത്. കഴിഞ്ഞ മൂന്ന് കളിയിലും മുട്ടുകുത്തിയിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പരാജയ പരമ്പര അബുദാബിയില്‍ അവസാനിപ്പിക്കുന്ന ടീമിന് ക്വാളിഫയറില്‍ മുംബൈയെ നേരിടാന്‍ അവസരം.തോല്‍ക്കുന്നവര്‍ക്ക് ഹൈദരാബാദിന്റെ നാളത്തെ മത്സരം തീരും വരെ കൂട്ടിയും കിഴിച്ചും ഇരിക്കാം.