ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാംഗ്ലൂരിനായി അരങ്ങേറിയ മലയാളി താരം ദേവ്‌ദത്ത് പടിക്കലിന്റെ ബാറ്റിംഗ് കണ്ട് ആരാധകര്‍ അതിശയിച്ചുകാണും. എവിടെയായിരുന്നു ഇത്രയും നാളെന്ന് അവര്‍ ചോദിച്ചുപോയാല്‍ കുറ്റം പറയാനുമാവില്ല. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം വിരാട് കോലി ഓപ്പണറായി എത്തിയേക്കുമെന്ന് കരുതിയിരിക്കെയാണ് ഹൈദരാബാദിനെതിരെ യുവത്വത്തിന്റെ ചോരത്തിളപ്പുമായി ഇരുപതുകാരന്‍ ദേവ്‌ദത്ത് പടിക്കല്‍ ക്രീസിലെത്തിയത്.

ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ കാഴ്ചക്കാരനാക്കി ദേവ്‌ദത്ത് കളം പിടിക്കുന്നതാണ് പിന്നീട് ആരാധകര്‍ കണ്ടത്. 42 പന്തില്‍ എട്ട് ബൗണ്ടറിയടിച്ച് ദേവ്ദത്ത് നേടിയത് 57 റണ്‍സ്. കോലിയും ഡിവില്ലിയേഴ്സും ഫിഞ്ചും അടങ്ങുന്ന ബാംഗ്ലൂരിന്റെ സൂപ്പര്‍താര ബാറ്റിംഗ് നിരയിലെ ടോപ് സ്കോറര്‍. അരങ്ങേറ്റമത്സരത്തിലെ അര്‍ധസെഞ്ചുറി ദേവ്‌ദത്തിന് ഒരു എലൈറ്റ് ക്ലബ്ബിലും ഇടം നേടിക്കൊടുത്തു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെ‍ഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്മാന്‍.

2011ല്‍ ബാംഗ്ലൂരിനായി അരങ്ങേറിയ ക്രിസ് ഗെയ്ല്‍ കൊല്‍ക്കത്തക്കെതിരെ 101 റണ്‍സാണ് അടിച്ചെടുത്തത്ത്. അതേവര്‍ഷം ബാംഗ്ലൂരിനായി അരങ്ങേറിയ എ ബി ഡിവില്ലിയേഴ്സ് സണ്‍റൈസേഴ്സിനെതിരെ അര്‍ധസെഞ്ചുറി നേടി. 54 റണ്‍സാണ് ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനായി ആദ്യമത്സരത്തില്‍ സ്വന്തമാക്കിയത്.

2014ല്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരം കളിച്ച യുവരാജ് സിംഗ് നേടിത് 52 റണ്‍സ്. 2008ല്‍ ബംഗ്ലൂരിനായി അരങ്ങേറ്റ മത്സരം കളിച്ച ശ്രീവത്സ് ഗോസ്വാമി ഡല്‍ഹിക്കെതിരെ 52 റണ്‍സടിച്ചു. ബാംഗ്ലൂരിനായുള്ള അരങ്ങേറ്റ മത്സരത്തിലെ രണ്ടാമത്തെ ടോപ് സ്കോററെന്ന നേട്ടവും ദേവ്‌ദത്ത് പടിക്കല്‍ ഇന്ന് സ്വന്തമാക്കി.