ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഏറെകുറെ പുറത്തായി കഴിഞ്ഞു. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചെന്നൈ ആവട്ടെ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ്. കണക്കുകളില്‍ ചെന്നൈയ്ക്ക് ഇപ്പോഴും സാധ്യയുണ്ടെങ്കിലും പ്ലേഓഫിന് യോഗ്യത നേടുമെന്ന് കടുത്ത ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 10 വിക്കറ്റിന്റെ അമ്പരപ്പിക്കുന്ന തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. 

ഇപ്പോള്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ ധോണി. സീസണില്‍ ഒന്നോ, രണ്ടോ മത്സരങ്ങളില്‍ മാത്രമാണ് സിഎസ്‌കെ ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം നടത്തിയതെന്നാണ് ധോണി പറയുന്നത്. ''ടീമിലെ എല്ലാവരും നിരാശരാണ്. തോല്‍വികള്‍ ഏറെ വേദനിപ്പിക്കുന്നു. ഈ വര്‍ഷം ഞങ്ങളുടേതായിരുന്നില്ല. പല കളികളിലും ടോസ് നേടാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സാധിച്ചില്ല. രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാവട്ടെ പിച്ചിലെ ഈര്‍പ്പം ടീമിന് വിനയയി.

ഞാന്‍ ടീമിന്റെ ക്യാപ്റ്റനാണ്. നായകന് ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സിഎസ്‌കെയുടെ ശേഷിച്ച എല്ലാ മല്‍സരങ്ങളിലും ഞാനുണ്ടാവും. ബാറ്റ്സ്മാന്‍മാരെ തിരിച്ചറിയണം, ഡെത്ത് ഓവര്‍ ബൗളര്‍മാര്‍മാര്‍ ആരൊക്കെയെന്നു കണ്ടെത്തണം.

അടുത്ത മൂന്നു കളികള്‍ സിഎസ്‌കെയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. അതില്‍ നന്നായി കളിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസമുണ്ട്. അടുത്ത വര്‍ഷത്തെ ഐപിഎല്ലിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കേണ്ടതുണ്ട്. പുതിയ താരങ്ങള്‍ക്കു കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കണം. ഇനിയുള്ള മൂന്നു മത്സരങ്ങള്‍ പരമാവധി മുതലെടുത്ത് അടുത്ത സീസണിന് മുമ്പ് തയ്യാറെടുപ്പ് നടത്തണം.'' ധോണി പറഞ്ഞുനിര്‍ത്തി.