ദുബായ്: ഐ പി എല്‍ ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തിരിച്ചടികളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ നേരിട്ടത്. തുടര്‍തോല്‍വികള്‍ വഴങ്ങിയതോടെ ചെന്നൈ ടീമിനും ക്യാപ്റ്റന്‍ എം എസ് ധോണിക്കുമെതിരെ വിമര്‍ശനങ്ങളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍ ഈ തോല്‍വികളൊന്നും ആരാധകരുടെ കൊഴിഞ്ഞുപോക്കിന് കാരണമാവില്ലെന്ന് ധോണി പറഞ്ഞു. 

സിഎസ്‌കെയുടെ ആരാധകര്‍ ടീമിനെ മനസിലാക്കുന്നവരും മോശം കാലത്തും ടീമിനൊപ്പം നില്‍ക്കുന്നവരാണെന്നും ചെന്നൈ നായകന്‍ വ്യക്തമാക്കി. വീടിന് മുഴുവന്‍ സിഎസ്‌കെയുടെ മഞ്ഞനിറം നല്‍കിയ ആരാധകന്റെ സ്‌നേഹം ചൂണ്ടികാണിച്ചാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയുടെ വാക്കുകള്‍. ''ഐപിഎല്ലില്‍ ഏറ്റവും മികച്ച ആരാധകര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേതാണ്. വീടിന് മുഴുവന്‍ മഞ്ഞനിറം നല്‍കിയ ആധാകന്‍ തന്നെയാണ്് ഈ പറഞ്ഞതിന് ഉത്തമ ഉദാഹരണം. സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാന്‍ വേണ്ടിയല്ല തന്റെ ആരാധകന്‍ ഇങ്ങനെ ചെയ്തത്.'' ധോണി വ്യക്തമാക്കി. 

തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ സ്വദേശിയായ ഗോപീ കൃഷ്ണനാണ് മറ്റാരും ചെയ്യാത്തവിധം ധോണിയോടുള്ള തന്റെ ആരാധന പ്രകടിപ്പിച്ചത്. അടുത്തിടെ ഈ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. വീടിന് മുഴുവന്‍ സി എസ് കെയുടെ മഞ്ഞ നിറം നല്‍കി. ഭിത്തികളില്‍ ധോണിയുടെ ചിത്രവും സിഎസ്‌കെയുടെ ലോഗോയും നല്‍കിയുരുന്നു. ഹോം ഓഫ് ധോണി ഫാന്‍ എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് ഒന്നരലക്ഷം രൂപയാണ് ഇതിനായി ഗോപീകൃഷ്ണന്‍ മുടക്കിയിരിക്കുന്നത്.