ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ധോണി നല്‍കിയ മറുപടി രസകരമായിരുന്നു. സ്പാര്‍ക്കുള്ള യുവതാരങ്ങളെ ചെന്നൈ ഡ്രസിംഗ് റൂമില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ധോണി പറഞ്ഞിരുന്നത്. ഡ്രസിങ് റൂമില്‍ ടീം വിജയിക്കണമെന്ന് ആഗ്രഹിച്ച താരങ്ങള്‍ കുറവായിരുന്നുവെന്നും ധോണി പറഞ്ഞിരുന്നു.

എന്നാല്‍ ധോണിയുടെ വിമര്‍ശനങ്ങള്‍ അട്ടിമറിക്കുന്ന പ്രകടനമാണ് ചെന്നൈ ഓപ്പണര്‍ ഋതുരാജ് ഗെയ്കവാദ് പിന്നീട് പുറത്തെടുത്തത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും ഗെയ്കവാദ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിനെതിരെ ടീമിനെ ജയിപ്പിച്ചതും ഗെയ്കവാദിന്റെ പ്രകടനമായിരുന്നു. 

ഇതോടെ ധോണി തന്റെ വാക്കുകള്‍ ചെറുതായിട്ടൊന്ന് മാറ്റിപ്പിടിച്ചു. ഋതുരാജിനെ പ്രശംസകൊണ്ട് മൂടുകയാണ് ധോണി. ക്യാപ്റ്റന്‍ പറയുന്നതിങ്ങനെ... ''കൊവിഡ് പോസിറ്റീവായാണ് അവന്‍ ടീമിലേക്കെത്തിയത്. അവനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനുള്ള സമയം ലഭിച്ചിരുന്നില്ല.  നിലവിലുള്ള പ്രതിഭാശാലികളായ യുവതാരങ്ങളിലൊരാളാണ് ഋതുരാജെന്ന് പറയേണ്ടിയിരിക്കുന്നു. തന്റെ പ്രതിഭയെന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിങ്‌സ്. ടീമിലെത്തിയാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവന് ആദ്യം അവസരം നല്‍കിയപ്പോള്‍ ക്രീസില്‍ നിന്ന് കയറിക്കളിച്ച് പുറത്തായി. എന്നാല്‍ അവന്‍ വീണ്ടും തന്റെ അവസരം ചോദിച്ചുവാങ്ങിയത് മനോഹരമായ കാര്യമാണ്.'' ധോണി പറഞ്ഞു. 

അവസാന രണ്ട് പന്തുകള്‍ സിക്‌സര്‍ പായിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച രവീന്ദ്ര ജഡേജയേയും ധോണി പ്രശംസിച്ചു. ''അവസാനഫലം ഞങ്ങള്‍ക്ക് അനുകൂലമായി വന്ന മത്സരമായിരുന്നു ഇത്. രവീന്ദ്ര ജഡേജ അഭിനന്ദനം അര്‍ഹിക്കുന്നു. ഡെത്ത് ഓവറുകളില്‍ ഞങ്ങള്‍ക്കുവേണ്ടി സ്‌കോര്‍ ചെയ്യുന്ന ഏക താരമാണാവന്‍.'' ധോണി പറഞ്ഞു.