മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച.  ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റണ്‍ ചേസിങ്ങിനിടെ പലപ്പോവും ക്ഷീണിതനായിട്ടാണ് ധോണി കാണപ്പെട്ടത്. പലപ്പോഴായി തളര്‍ന്ന ധോണി കാല്‍മുട്ടില്‍ കൈകുത്തി നില്‍ക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. 

ഏറെ കാലങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ധോണിയെ ഇത്തരത്തില്‍ കാണാനല്ല ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചത്. പലരും ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ച് സംസാരിച്ചു. ദുബായിലെ കടുത്ത ചൂടാണ് ധോണിക്ക് വിനയായതെന്നായിരുന്നു പലരുടെയും വാദം. മറ്റൊന്ന് ധോണിക്ക് 39 വയസായെന്നും ഇനിയും കളിക്കാനാവില്ലെന്നും അഭിപ്രായം വന്നു.  ദുബായിലെ ചൂട് നന്നായി ബാധിച്ചുവെന്നാണ് ധോണി മത്സരശേഷം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ് വൈറലായി. പത്താന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു. 'വയസ് എന്നത് ചിലര്‍ക്ക് വെറും നമ്പര്‍ മാത്രമായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് അത് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ മാത്രമുള്ള കാരണവും.' ധോണിയുടെ പേരെടുത്ത് പറയാതെയാണ് പത്താന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന കാലത്ത് ഇര്‍ഫാനും ധോണിയും അത്ര രസത്തിലല്ലെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പലപ്പോഴും ഇര്‍ഫാനെ ധോണി പരിഗണിച്ചിരുന്നില്ലെന്നും ആര്‍ പി സിംഗിനായിരുന്നു ടീമില്‍ പ്രാധാന്യം നല്‍കിയിരുന്നത് എന്നുള്ള താരത്തിലുള്ള സംസാരങ്ങളുമുണ്ടായിരുന്നു. 

ഇപ്പോള്‍ പത്താന്റെ അതേ അഭിപ്രായം ഏറ്റുപിടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തന്നെ താരമായ ഹര്‍ഭജന്‍ സിംഗ്. പത്താന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും ഞാന്‍ നിങ്ങളോട് യോജിക്കുന്നുവെന്നും പത്താന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ഹര്‍ഭജന്‍ വ്യക്തമാക്കി. ഇതോടെ വരും ദിവസങ്ങളില്‍ ധോണിയുമായി ബന്ധപ്പെട്ട വിവാദം കത്തുമെന്നുറപ്പായി. 

നേരത്തെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ താരമാണ് ഹര്‍ഭജന്‍. സുരേഷ് റെയ്‌നയും നേരത്തെ ചെന്നൈ ക്യാംപ് വിട്ടിരുന്നു. എന്നാര്‍ ഹര്‍ഭജന്‍ ടീമിനൊപ്പം യുഎഇയിലേക്ക് വന്നിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഇരുതാരങ്ങളേയും കരാറില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന വാര്‍ത്തകളും വന്നു. എന്തായാലും പിന്നണിയില്‍ പലതും പുകയുന്നുണ്ടെന്നുള്ളത് ഉറപ്പാണ്.