ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മോശം പ്രകടനം തുടരുന്നതിനിടെ കൊല്‍ക്കത്തയുടെ സൂപ്പര്‍ താരമായ ആന്ദ്രെ റസലിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും തിളങ്ങാന്‍ കഴിയാതിരുന്ന റസലിന് ഈ സീസണില്‍ ഇതുവരെ ഫോമിലേക്ക് എത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓജയുടെ വിമര്‍ശനം.

ബാറ്റിംഗിന്‍റെ കാര്യത്തില്‍ സ്വയം മെച്ചപ്പെടുത്താതെ റസല്‍ നാലു വര്‍ഷമായി ഒരുപോലെയാണ് ബാറ്റ് ചെയ്യുന്നതെന്ന് ഓജ പറഞ്ഞു. മറ്റ് കളിക്കാരെല്ലാം സാഹചര്യത്തിന് അനുസരിച്ച് അവരുടെ ബാറ്റിംഗ് ശൈലിയിലും സമീപനത്തിലും മാറ്റം വരുത്തുമ്പോള്‍ റസല്‍ എല്ലായ്പ്പോഴും ഒരുപോലെയാണ് ബാറ്റ് വീശുന്നത്. എല്ലായ്പ്പോഴും ഒരുപോലെ കളിക്കാന്‍ ശ്രമിക്കുന്ന റസല്‍ ടീമിന് വലിയ ബാധ്യതയാണെന്നും ഓജ വ്യക്തമാക്കി.

ജസ്പ്രീത് ബുമ്രയെ നോക്കു, അയാള്‍ മുംബൈയിലെത്തിയ കാലത്തെപ്പോലെയല്ല ഇപ്പോള്‍ പന്തെറിയുന്നത്. ഓരോ കളിയിലും അയാള്‍ സ്വയം മെച്ചപ്പെടുത്തുന്നു. എല്ലാ കളിക്കാരും ഇതുപോലെയാണ്. എന്നാല്‍ റസല്‍ മാത്രം എല്ലായ്പ്പോഴും ഒരുപോലെ ബാറ്റ് വീശുന്നു.

ടൂര്‍ണമെന്‍റിനിടക്ക് നായകനെ മാറ്റിയ കൊല്‍ക്ക ടീം മാനേജ്മെന്‍റിന്‍റെ നടപടിയോട് താന്‍ യോജിക്കുന്നില്ലെന്നും ഓജ പറഞ്ഞു. എല്ലാ തീരുമാനങ്ങളും എടുത്തിരുന്ന ദിനേശ് കാര്‍ത്തിക്ക് പെട്ടെന്നൊരു ദിവസം ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നുവെക്കുകയാണെന്ന് പറഞ്ഞാല്‍ അത് ശരിയായ രീതിയല്ല. ഉത്തവാദിത്തം ഏറ്റെടുത്തല്‍ സീസണ്‍ കഴിയുന്നതുവരെ അത് ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയണം. അതിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായിരുന്നു ഉചിതമെന്നും ഓജ പറഞ്ഞു. ഈ സീസണില്‍ എട്ടു മത്സരങ്ങളില്‍ 83 റണ്‍സ് മാത്രമാണ് റസലിന് നേടാനയത്.