Asianet News MalayalamAsianet News Malayalam

ശ്രേയസ് അയ്യര്‍ പറഞ്ഞത് പോലെയല്ല ! ഋഷഭ് പന്തിന്റെ കാര്യം കുറച്ച് പ്രശ്‌നമാണ്; പരിശോധന ഫലം പുറത്ത്

നേരത്തെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അറിയിച്ചിരുന്നത്. അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.

IPL 2020 here injury updates of Delhi wicket keeper Rishabh Pant
Author
Dubai - United Arab Emirates, First Published Oct 14, 2020, 3:40 PM IST

ദുബായ്: ഡല്‍ഹി കാപിറ്റല്‍സ് താരം ഋഷഭ് പന്തിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന് 10 ദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. നേരത്തെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അറിയിച്ചിരുന്നത്. അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. പന്തിന്റെ അഭാവം ഡല്‍ഹി മധ്യനിരയെ കാര്യമായി ബാധിക്കും. 

പന്തിനെ പരിശോധിച്ച ഡല്‍ഹി മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് ബിസിസിഐക്ക് അയച്ചിരുന്നു. താരത്തിന് പേശി വലിവ് അനുഭപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ദിവസം വിശ്രമം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിനിടെ പന്തിന് പകരം ആരെയിറക്കുമെന്നുള്ള ആശയകുഴപ്പം ഡല്‍ഹിക്കുണ്ട്. 

വെടിക്കെട്ട് ഓള്‍റൗണ്ടറായ ലളിത് യാദവിനെ പരിഗണിക്കുകയാണ് ഡല്‍ഹിക്ക് മുന്നിലുള്ള അടുത്ത വഴി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 136ന് മുകളില്‍ സ്ട്രൈക്കറേറ്റുള്ള താരമാണ് ലളിത്. എന്നാല്‍ ഐപിഎല്‍ പോലുള്ള വലിയൊരു ടൂര്‍ണമെന്റില്‍ എത്രത്തോളം അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് ഡല്‍ഹി ക്യാംപിന്റെ സംശയം. 

പന്തിന് പകരം അലക്‌സ് ക്യാരിയായിരുന്നു ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ക്യാരിയെ ഇറക്കേണ്ടി വരുമ്പോള്‍ വിദേശ താരമായ ഷിംറോന്‍ ഹെറ്റ്മെയറിനെ പുറത്തിരുത്തണം. ഹെറ്റ്മയേറെ പോലെ ഒരു താരം പുറത്തിരിക്കേണ്ടി വരുന്നത് മധ്യനിരയിലെ റണ്‍റേറ്റിനെ ബാധിക്കും. ഹെറ്റ്മയേറിന് പകരം ടീമിലെത്തിയ അജിന്‍ക്യ രഹാനെയ്ക്ക് റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. 

ഡല്‍ഹി ക്യാംപില്‍ പരിക്കേല്‍ക്കുന്ന മൂന്നാമത്തെ താരമാണ് പന്ത്. നേരത്തെ അമിത് മിശ്ര, ഇശാന്ത് ശര്‍മ എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് തന്നെ നഷ്ടമായിരുന്നു. പന്തിന്റെ കാര്യത്തിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പന്ത് ആവട്ടെ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച ഫോമിലുമായിരുന്നു.

 

IPL 2020 here injury updates of Delhi wicket keeper Rishabh Pant
 

Follow Us:
Download App:
  • android
  • ios