അബുദാബി: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും നേർക്കുനേർ. അബുദാബിയില്‍ മത്സരം വൈകിട്ട് ഏഴരയ്ക്ക്. കളിച്ച മൂന്നില്‍ രണ്ട് മത്സരങ്ങള്‍ വീതം തോറ്റാണ് മുംബൈയും പഞ്ചാബും ഇറങ്ങുന്നത്. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കസറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഇഷാന്‍ കിഷന്‍റെ മിന്നും ഫോം മുംബൈക്ക് ആശ്വാസമാണ്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം മുംബൈ പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചാബ് നിരയില്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയിലിന് ഇന്നും അവസരം കിട്ടിയേക്കില്ല. സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരായ കെ എല്‍ രാഹുലും(222) മായങ്ക് അഗര്‍വാളും(221) മുംബൈക്ക് ഭീഷണിയായേക്കും. 

മായങ്ക് vs ബുമ്ര

ഐപിഎല്‍ പതിമൂന്നാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ വിജയമന്ത്രമാണ് മായങ്ക് അഗര്‍വാള്‍. വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാന്‍ പ്രാപ്‌തനായ കര്‍ണാടക താരത്തിന്‍റെ ബാറ്റിംഗ് പ്രഭാവമാണ് പഞ്ചാബിന്‍റെ മത്സരഫലങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മത്സരം യോര്‍ക്കര്‍ വീരന്‍ ജസ്‌പ്രീത് ബുമ്രയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടമാകും. 

ഈ സീസണില്‍ വമ്പന്‍ ഫോമിലാണ് മായങ്ക് അഗര്‍വാള്‍. കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് 170 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 221 റണ്‍സ്. ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും സഹിതമാണിത്. ഐപിഎല്‍ ചരിത്രത്തിലാകെ 80 മത്സരങ്ങളില്‍ 133 സ്‌ട്രൈക്ക് റേറ്റില്‍ 1487 റണ്‍സാണ് മായങ്കിന്‍റെ സമ്പാദ്യം. 

ബുമ്രയാവട്ടെ മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് ആക്രമണം നയിക്കുന്ന താരവും. മൂന്ന് മത്സരങ്ങളില്‍ അത്രതന്നെ വിക്കറ്റുകളാണ് ബുമ്ര നേടിയത്. ഐപിഎല്‍ കരിയറില്‍ 80 മത്സരങ്ങളില്‍ 7.64 ശരാശരിയില്‍ 85 വിക്കറ്റ് സ്വന്തമാക്കി. ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ മായങ്കണോ ബുമ്രയാണോ തിളങ്ങുക എന്ന് കാത്തിരുന്നറിയാം. 

പ്ലേ ഓഫിലെത്തുന്നത് ആ നാല് ടീമുകള്‍; മുന്‍ ചാമ്പ്യന്‍മാരെ തഴഞ്ഞ് വോണിന്‍റെ പ്രവചനം

'രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ നായകനാവും'; ഇന്ത്യന്‍ യുവതാരത്തിന് സൈമണ്‍ ഡൂളിന്‍റെ പ്രശംസ

Powered by