ദുബായ്: ഐപിഎല്ലില്‍  പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍  സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിന് ഓപ്പണര്‍ മന്‍ദീപ് സിംഗിനെ നഷ്ടമായി. 14 പന്തില്‍ 17 റണ്‍സെടുത്ത മന്‍ദീപിനെ സന്ദീപ് ശര്‍മയുടെ പന്തില്‍ റാഷിദ് ഖാന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. 9 പന്തില്‍ 15 റണ്‍സോടെ ക്രിസ് ഗെയ്‌ലും 19 പന്തില്‍ 23 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ക്രീസില്‍. ആദ്യ മൂന്നോവറില്‍ 13 റണ്‍സ് മാത്രമെടുത്ത പഞ്ചാബ് നാലാം ഓവറിലാണ് സ്കോറിംഗ് വേഗം കൂട്ടാന്‍ തുടങ്ങിയത്. ഖലീലിന്‍റെ ഓവറില്‍ 11 റണ്‍സടിച്ച മന്‍ദീപും രാഹുലും സന്ദീപ് ശര്‍മയുടെ അടുത്ത ഓവറില്‍ 13 റണ്‍സടിച്ചെങ്കിലും മന്‍ദീപിനെ മടക്കി സന്ദീപ് പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

വണ്‍ ഡൗണായി ക്രീസിലെത്തിയ ക്രിസ് ഗെയ്‌ല്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ ഹോള്‍ഡര്‍ക്കെതിരെ രണ്ട് ബൗണ്ടറി നേടി ഗെയ്ല്‍ പവര്‍ പ്ലേ പഞ്ചോടെ അവസാനിപ്പിച്ചു.

കഴിഞ്ഞ മത്സരം കളിച്ച പഞ്ചാബ് ടീമില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം മന്‍ദീപ് സിംഗ് അന്തിമ ഇലവനിലെത്തി. ഹൈദരാബാദ് ടീമിലും ഒരു മാറ്റമുണ്ട്. പേസര്‍ ഖലീല്‍ അഹമ്മദ് ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി.