അബുദാബി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ വിജയാരവങ്ങള്‍ക്കിടയിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശങ്കയായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന്‍റെ പരിക്ക്. താരത്തിന്‍റെ പരിക്ക് സാരമുള്ളതാണോ എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്ന് നായകന്‍ ദിനേശ് കാര്‍ത്തിക് മത്സരശേഷം വ്യക്തമാക്കി. എന്നാല്‍ ഒറ്റയ്‌ക്ക് മത്സരം മാറ്റിമറിക്കാന്‍ കെല്‍പുള്ള റസലിന്‍റെ കാര്യത്തില്‍ ടീമിനുള്ള വലിയ ആശങ്ക നായകന്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 

പഞ്ചാബ് ഇന്നിംഗ്‌സിന്‍റെ രണ്ടാം ഓവറിലായിരുന്നു റസലിന് പരിക്കേറ്റത്. പ്രസിദ്ദ് കൃഷ്‌ണയുടെ പന്ത് ലോംഗ് ഓഫിലേക്ക് അടിച്ചകറ്റി കെ എല്‍ രാഹുല്‍. ക്യാച്ച് കൈവിട്ട റസലിന്‍റെ കൈയില്‍ നിന്ന് പന്ത് ബൗണ്ടറിലൈനിലേക്ക് തെന്നിനീങ്ങി. എന്നാല്‍ ഫോറാവുന്നത് സേവ് ചെയ്യുന്നതിനായി റസല്‍ ഡൈവ് ചെയ്തു. റണ്‍സിന് തടയിടാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല, കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തു. സഹതാരങ്ങളെത്തി താങ്ങിയാണ് താരത്തെ എഴുന്നേല്‍പിച്ചത്. 

ഓസ്‌ട്രേലിയന്‍ താരം ക്രിസ് ഗ്രീന്‍ പകരക്കാരനായി ഫീല്‍ഡിനിറങ്ങേണ്ടിവന്നു. റസല്‍ ടീം ഫിസിയോയുടെ സഹായത്തോടെ കാല്‍മുട്ടില്‍ ഐസ് വയ്‌ക്കുന്നത് കാണാമായിരുന്നു. 11-ാം ഓവറില്‍ ഫീല്‍ഡിംഗിനായി തിരിച്ചെത്തിയെങ്കിലും ഉടന്‍തന്നെ ഡ്രസിംഗ്റൂമിലേക്ക് മടങ്ങേണ്ടിവന്നു. 

റസലിന്‍റെ കാര്യത്തില്‍ ടീമിനുള്ള എല്ലാ ആശങ്കയും വ്യക്തമാവുന്നതായിരുന്നു മത്സരശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പ്രതികരണം. 'റസലിന് എപ്പോള്‍ പരിക്കേറ്റാലും അത് വലിയ തിരിച്ചടിയാണ്. അദേഹം വളരെ സ്‌പെഷ്യലായ താരമാണ്. അദേഹത്തിന്‍റെ പരിക്ക് കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്' എന്നും കാര്‍ത്തിക് പറഞ്ഞു. ഡെത്ത് ഓവറുകളില്‍ മത്സരം കൊല്‍ക്കത്തയുടെ കൈകളിലെത്തിച്ച സുനില്‍ നരെയ്‌നെയും പ്രസിദ്ദ് കൃഷ്‌ണയെയും പ്രശംസിക്കാനും നായകന്‍ മറന്നില്ല. 

'മില്ലീമീറ്റര്‍ ജയ'ത്തിന് പിന്നാലെ നരെയ്‌ന് മേല്‍ സംശയത്തിന്‍റെ കരിനിഴല്‍; കൊല്‍ക്കത്തയ്‌ക്ക് ആശങ്ക

Powered by