അബുദാബി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തില്‍ പാറിപ്പറന്ന് രവീന്ദ്ര ജഡേജ. കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നെ പുറത്താക്കാനാണ് ജഡേജ ബൗണ്ടറിലൈനില്‍ ഒരു നിമിഷം പക്ഷിയായത്. 

ബാറ്റിംഗ് ഓര്‍ഡറില്‍ താഴേ‌ക്ക് ഇറങ്ങിയെങ്കിലും സീസണിലാദ്യമായി പന്തടിക്കാനുള്ള മൂഡിലായിരുന്നു സുനില്‍ നരെയ്‌ന്‍. എന്നാല്‍ കരണ്‍ ശര്‍മ്മ എറിഞ്ഞ 11-ാം ഓവറിലെ അവസാന പന്തില്‍ നരെയ്‌ന്‍റെ സിക്‌സര്‍ ശ്രമം പാളി. ബൗണ്ടറിലൈനില്‍ ജഡേജയുടെ ഒന്നൊന്നര പറക്കും ക്യാച്ചില്‍ നരെ‌യ്‌ന്‍ പുറത്ത്. അവിടംകൊണ്ട് നാടകീയത അവസാനിച്ചില്ല. ഈ ക്യാച്ച് പൂര്‍ത്തിയാക്കിയത് ബൗണ്ടറിലൈന്‍ ക്യാച്ചുകളുടെ അംബാസഡര്‍ ഫാഫ് ഡുപ്ലസിയാണ്. 

ഉള്ളംകയ്യില്‍ കുരുക്കിയ പന്തുമായി പുല്ലിലൂടെ തെന്നിനീങ്ങിയ ജഡേജ ബൗണ്ടറിലൈനില്‍ തൊടാതെ ഇഞ്ചുകള്‍ക്ക് മാത്രം അകലെവച്ച് പന്ത് ഡുപ്ലസിക്ക് എറിഞ്ഞുകൊടുത്തു. ഇതൊക്കെ നിസ്സാരം എന്ന മട്ടില്‍ ഡുപ്ലസി ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. മനോഹര ക്യാച്ചിന്‍റെ വീഡിയോ കാണാം. 

കൊല്‍ക്കത്ത ഇന്നിംഗ്‌സില്‍ മൂന്നാമനായി പുറത്താകുമ്പോള്‍ 9 പന്തില്‍ 17 റണ്‍സായിരുന്നു നരെയ്‌ന്‍റെ സമ്പാദ്യം. ഒന്നുവീതം സിക്‌സും ഫോറും നരെയ്‌ന്‍റെ പേരിലുണ്ട്.