ഷാര്‍ജ : തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി സഞ്ജു സാംസണ്‍. ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിന്തുടര്‍ന്ന് ജയമാണ് രാജസ്ഥാന്‍ കാഴ്ചവച്ചത്. 

അതിന് നെടുനായകത്വം വഹിച്ചത് സഞ്ജുവിന്‍റെ ഇന്നിംഗ്സായിരുന്നു. 42 പന്തില്‍ 85 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ നാല് ഫോറും 7 സിക്സും ഉള്‍പ്പെടുന്നു. ഈ ഇന്നിംഗ്സ് തന്നെയാണ് സഞ്ജുവിനെ മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനാക്കിയത്.

അതേ സമയം കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും സഞ്ജു മാന്‍ ഓഫ് ദ മാച്ചായിരുന്നു. 

ഐപിഎല്ലില്‍ സഞ്ജുവിന്‍റെയും തിവാട്ടിയയുടേയും അവിശ്വസനീയ വെടിക്കെട്ടിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം ഉണ്ടാക്കിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 224 റണ്‍സെന്ന കൂറ്റന്‍ റണ്‍മലയാണ് രാജസ്ഥാന്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ മറികടന്നത്. നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ഇന്നിംഗ്‌സും തുണയായി. സ്‌കോര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: 223-2 (20), രാജസ്ഥാന്‍: 226-6 (19.3 Ov).