ആദ്യ മത്സരത്തില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുമായി ഐപിഎല്‍ 13-ാം സീസണിലേക്ക് ഡുപ്ലസിയുടെ മാസ് എന്‍ട്രി- കാണാം വീഡിയോ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 13-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കയ്യടിവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഫാഫ് ഡുപ്ലസിസ്. മുംബൈ നിരയിലെ രണ്ട് വമ്പന്‍മാരുടെ ക്യാച്ചാണ് ഒരേ ഓവറില്‍ സമാന രീതിയില്‍ ബൗണ്ടറിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം സാഹസിക ചാട്ടത്തിലൂടെ കൈപ്പിടിയിലൊതുക്കിയത്. 

മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജ എറിഞ്ഞ 15-ാം ഓവറിലായിരുന്നു രണ്ട് ക്യാച്ചുകളും. ചെന്നൈക്ക് കനത്ത ഭീഷണിയാവുമെന്ന് തോന്നിച്ച തിവാരി-പാണ്ഡ്യ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു ഇതിലൂടെ ഡുപ്ലസി. നിലയുറപ്പിച്ച് കളിച്ചിരുന്ന സൗരഭ് തിവാരിയെ ആദ്യ പന്തില്‍ ഡുപ്ലസി ബൗണ്ടറിക്കരികില്‍ ഉയര്‍ന്നുചാടി പിടിച്ചു. മുപ്പത്തിയൊന്ന് പന്തില്‍ 42 റണ്‍സാണ് തിവാരി നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഇത്. 

Scroll to load tweet…

അഞ്ചാമത്തെ പന്തിലാവട്ടെ മടക്കിയത് വന്ന വരവില്‍ ജഡേജയുടെ കഴിഞ്ഞ ഓവറില്‍ തുടര്‍ച്ചയായ പന്തുകള്‍ ഗാലറിയിലെത്തിച്ച കൂറ്റനടിക്കാരന്‍ ഹര്‍ദിക് പാണ്ഡ്യയെ. ലോങ് ഓഫിന് മുകളിലൂടെ പന്ത് ഗാലറിയില്‍ എത്തിക്കാനായിരുന്നു ഹര്‍ദിന്‍റെ പദ്ധതി. എന്നാല്‍ ബൗണ്ടറിയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഈ ക്യാച്ചും ഡുപ്ലസി സാഹസികമായി കൈക്കലാക്കി. പത്ത് പന്തില്‍ 14 റണ്‍സ് മാത്രമേ ഹര്‍ദിക്കിന് നേടാനായുള്ളൂ. രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍ കണ്ട് ഡുപ്ലസിയെ പ്രശംസിക്കുകയാണ് ഐപിഎല്‍ ആരാധകര്‍. 

Scroll to load tweet…