ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ പഴികേട്ട താരങ്ങളിലൊരാള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയാണ്. ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫില്‍ ഇടംനേടാതെ പോയപ്പോള്‍ ധോണി ബാറ്റിംഗില്‍ വെറും നിഴല്‍ മാത്രമായി. പ്രായവും നീണ്ട ഇടവേളയും തടസമായി എന്ന വിലയിരുത്തലുകള്‍ വന്നിരിക്കേ ധോണി അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തില്‍ കളിക്കും എന്നും വ്യക്തമായിട്ടുണ്ട്. അടുത്ത സീസണില്‍ ധോണിക്ക് ശക്തമായി തിരിച്ചെത്താന്‍ ഉപദേശം നല്‍കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. 

'എം എസ് ധോണി ഒരു വിസ്‌മയ താരമാണ്. ബാറ്റിംഗിലും വിക്കറ്റിന് പിന്നിലും ക്യാപ്റ്റന്‍സിയിലും വിസ്‌മയിപ്പിച്ചിരിക്കുന്നു. ധോണിയൊരു മാതൃകാ താരമാണ് എന്നതില്‍ തര്‍ക്കമില്ല. ധോണി തുടര്‍ന്നും മത്സര ക്രിക്കറ്റ് കളിക്കണമെന്ന് സംഗക്കാര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നെറ്റ്‌സില്‍ പരിശീലിക്കുന്നത് നല്ലതാണെങ്കിലും മത്സര ക്രിക്കറ്റ് കളിക്കാതിരിക്കുന്നത് ഈ പ്രായത്തില്‍ തിരിച്ചടിയാവും. ടൈമിംഗില്‍ ധോണിക്ക് പാകപ്പിഴകളുണ്ട്. പന്തിലേക്ക് ആഞ്ഞ് ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ മികച്ച ഡ്രൈവ് ആവശ്യപ്പെടുന്നതിന് അല്‍പം പിന്നിലായാണ് ധോണി എത്തുന്നത്' എന്നും ഗാവസ്‌കര്‍ നിരീക്ഷിക്കുന്നു. 

'ധോണി ചില കാര്യങ്ങളില്‍ മാറ്റം വരുത്താനുണ്ട്. അതിനര്‍ഥം ധോണി ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്നാണ്. മത്സര ക്രിക്കറ്റില്‍ കളിച്ചാല്‍ മാത്രമേ സമ്മര്‍ദം അറിയാനാവൂ. നെറ്റ്‌സില്‍ സമ്മര്‍ദങ്ങളൊന്നുമില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ ധോണിക്ക് അടുത്ത സീസണില്‍ 400 റണ്‍സ് കണ്ടെത്താന്‍ കഴിയും' എന്നും ഗാവസ്‌‌കര്‍ പറഞ്ഞു.

ഈ സീസണില്‍ മോശമായിരുന്നു ധോണിയുടെ പ്രകടനം. 14 കളിയിൽ ആകെ നേടിയത് 200 റൺസ്. പുറത്താകാതെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ ധോണി സീസണ്‍ അവസാനിപ്പിക്കുന്നത്. 2018ല്‍ കുറിച്ച 284 റണ്‍സായിരുന്നു ഇതിനുമുമ്പത്തെ മോശ പ്രകടനം. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളിലും 400ലധികം സ്‌കോര്‍ കണ്ടെത്തിയ 'തല' ഇക്കുറി 200 തികയ്‌ക്കാന്‍ തന്നെ പാടുപെട്ടു. ഏഴ് സിക്‌സും 16 ബൗണ്ടറികളും മാത്രമുള്ള ധോണി ഇക്കാര്യത്തിലും നിരാശപ്പെടുത്തി. 

ധോണിക്ക് സംഗയുടെ ഉപദേശവും

ഐപിഎല്‍ 2021ന് മുമ്പ് ഫോമിലെത്താന്‍ ധോണിക്ക് ഉപദേശവുമായി രംഗത്തെത്തിയിരുന്നു ഇതിഹാസ താരവും കമന്‍റേറ്ററുമായ കുമാര്‍ സംഗക്കാര. 'അടുത്ത സീസണിലേക്ക് വലിയ ഇടവേളയില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചാല്‍ ധോണിക്ക് ഫോം കണ്ടെത്താനാകും. തുടര്‍ന്നും കളിക്കാന്‍ ധോണിക്ക് ആഗ്രഹമുണ്ട് എന്നാണ് കരുതുന്നത്' എന്നുമായിരുന്നു മുന്‍താരം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് അഭിപ്രായപ്പെട്ടത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേള ധോണിയുടെ ബാറ്റിംഗിനെ ബാധിച്ചു എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 

'ധോണി ഐപിഎല്‍ 2021ലും കളിക്കും, പക്ഷേ അതിന് മുമ്പ് ചിലത് ചെയ്യാനുണ്ട്'; ഉപദേശവുമായി സംഗക്കാര

Powered by