Asianet News MalayalamAsianet News Malayalam

സൂപ്പര്‍ഹിറ്റ് മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി മുംബൈക്ക് അഞ്ചാം കിരീടം

50 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും പറത്തി 68 റണ്‍സെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്സാണ് മുംബൈക്ക് അഞ്ചാം കിരീടം ഉറപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനുശേഷം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ കിരീടം നേടുന്ന രണ്ടാമത്തെ ടീമായി മുബൈ.

IPL 2020 Mumbai Indians beat Delhi capitals to lift 5th IPL title
Author
Dubai - United Arab Emirates, First Published Nov 10, 2020, 11:01 PM IST

ദുബായ്: ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ പഞ്ച്. കിരീടപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി  മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ അനായാസം മറികടന്നു. ഐപിഎല്ലില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 156/7, മുംബൈ ഇന്ത്യന്‍സ് 18.4 ഓവറില്‍ 157/5.

50 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും പറത്തി 68 റണ്‍സെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്സാണ് മുംബൈക്ക് അഞ്ചാം കിരീടം ഉറപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനുശേഷം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ കിരീടം നേടുന്ന രണ്ടാമത്തെ ടീമായി മുബൈ. 2010ലും 2011ലുമായിരുന്നു ചെന്നൈ തുടര്‍ച്ചയായി കിരീടം നേടിയത്.

തുടക്കം സൂപ്പര്‍ ഹിറ്റ്

മികച്ച തുടക്കമാണ് രോഹിത്- ഡി കോക്ക് സഖ്യം മുംബൈക്ക് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12 പന്തില്‍ 20 റണ്‍സെടുത്ത ഡീകോക്കിനെ മടക്കി സ്റ്റോയിനിസ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ക്രീസില്‍ ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവ് സമ്മര്‍ദ്ദമേതുമില്ലാതെ ക്രീസില്‍ നിന്നപ്പോള്‍ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മങ്ങി. 20 പന്തില്‍ 19 റണ്‍സെടുത്ത സൂര്യകുമാര്‍ രോഹിത്തിന്‍റെ തെറ്റായ തീരുമാനത്തില്‍ റണ്ണൗട്ടായപ്പോഴേക്കും മുംബൈ കിരീടത്തില്‍ പിടിമുറുക്കിയിരുന്നു.

35 പന്തില്‍ സീസണിലെ മൂന്നാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് മുംബൈയെ അനായാസം വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. വിജയത്തിനരികെ മുംബൈയെ എത്തിച്ച രോഹിത്തിനെ നോര്‍ജെയുടെ പന്തില്‍ പകരക്കാരന് ഫീല്‍ഡര്‍ ലളിത് യാദവ് പറന്നുപിടിച്ചു.പിന്നീട് ക്രീസിലെത്തിയ കീറോണ്‍ പൊള്ളാര്‍ഡ് നോര്‍ജെയ്ക്കെതിരെ രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങി. എന്നാല്‍ പൊള്ളാര്‍ഡിനെ(നാല് പന്തില്‍ ഒമ്പത്) മടക്കി റബാദ് സീസണിലെ വിക്കറ്റ് നേട്ടം 30 ആക്കി ഉയര്‍ത്തി.

മിഷന്‍ കംപ്ലീറ്റ് ചെയ്ത് കിഷന്‍

മുംബൈയെ വിജയവര കടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത യുവതാരം ഇഷാന്‍ കിഷന്‍ തന്‍റെ ചുമതല ഭംഗിയാക്കി. ജയതേ്തിന് ഒരു റണ്ണകലെ ഹര്‍ദ്ദിക് പാണ്ഡ്യ(3) മടങ്ങിയെങ്കിലും ക്രുനാല്‍ പാണ്ഡ്യ മുംബൈയുടെ വിജയറണ്‍ പൂര്‍ത്തിയാക്കി. 19 പന്തില്‍ 33 റണ്ണുമായി ഇഷാന്‍ കിഷനും ഒരു റണ്ണോടെ ക്രുനാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി നോര്‍ജെ രണ്ടും റബാദ, സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ മുന്‍നിരയെ ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞിട്ടെങ്കിലും നായകനായി മുന്നില്‍ നിന്ന് പടനയിച്ച ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലെത്തിച്ചു. 50 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.  റിഷഭ് പന്ത് 38 പന്തില്‍ റണ്‍സെടുത്തു. മുംബൈക്കായി ബോള്‍ട്ട് മൂന്നും കോള്‍ട്ടര്‍ നൈല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios