ഷാര്‍ജ: കഴിഞ്ഞ കുറച്ച് മത്സരങ്ങളായി രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരത്തിനിറങ്ങുന്നത്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോള്‍ രോഹിത് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പഞ്ചാബിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ രോഹിത് അവസാന നാല് മത്സരങ്ങളിലും കളിച്ചിരുന്നില്ല. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. രോഹിത്ത് പരിക്ക് പൂര്‍ണമായി മാറും വരെ വിശ്രമിക്കണമെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. വീണ്ടും പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതല്‍ ആയതിനാലാണ് രോഹിത്തിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് രോഹിത് പരിശീലനം നടത്തുന്ന പുതിയ വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ രോഹിത് മുംബൈ നിരയില്‍ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹവും ശക്തമായി. എന്നാല്‍ മുംബൈ ടീം മാനേജ്‌മെന്റ് രോഹിത്തിന്റെ പരിക്കിനെക്കുറിച്ചോ രോഹിത് കളിക്കുന്ന കാര്യത്തെക്കുറിച്ചോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ബിസിസിഐ വിശ്രമം നിര്‍ദേശിച്ചിട്ടും രോഹിത് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം തുടരുന്നതിനെയും പരിശീലനം നടത്തുന്നതിനെയും വിരേന്ദര്‍ സെവാഗ് വിമര്‍ശിക്കുന്നു. പരുക്കാണെങ്കില്‍ രോഹിത് പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കമെന്നും രോഹിത്തിന്റെ പരിക്കിനെക്കുറിച്ചുള്ള അവ്യക്തത നീക്കി മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് പ്രസ്താവന ഇറക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു.