ദുബായ്: ഐപിഎല്ലില്‍ സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന് ആവേശജയം. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 202 റണ്‍സ് വീതമടിച്ച് ടൈ ആയ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് റണ്‍സ് മാത്രം നേടിയപ്പോള്‍ ബാംഗ്ലൂര്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി.

ജസ്പ്രീത് ബുമ്ര എറിഞ്ഞ മുംബൈയുടെ സൂപ്പര്‍ ഓവര്‍ നേരിടാന്‍ എ ബി ഡിവില്ലിയേഴ്സും വിരാട് കോലിയുമാണ് ക്രിസീലെത്തിയത്. ആദ്യ രണ്ട് പന്തിലും സിംഗിളെടുക്കാനെ ബാംഗ്ലൂരിനായുള്ളു. മൂന്നാം പന്തില്‍ ഡിവില്ലിയേഴ്സ് ഔട്ടായതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യൂവില്‍ നോട്ടൗട്ടായി. നാലാം പന്തില്‍ ഡിവില്ലിയേഴ്സ് ബൗണ്ടറി നേടി. അഞ്ചാം പന്തില്‍ ഡിവില്ലിയേഴ്സ് സിംഗിളെടുത്തു. ആറാം പന്തില്‍ ബൗണ്ടറിയടിച്ച് കോലി ബാംഗ്ലൂരിനെ വിജയവര കടത്തി. സ്കോര്‍ ബാംഗ്ലൂര്‍ 20 ഓവറില്‍ 201/3, മുംബൈ 20 ഓവറില്‍ 201/5. സൂപ്പര്‍ ഓവറില്‍ മുംബൈ 7/1, ബാംഗ്ലൂര്‍ 11/0.

ബാംഗ്ലൂരിനായി നവദീപ് സെയ്നി എറിഞ്ഞ സൂപ്പര്‍ ഓവറില്‍ മുംബൈക്ക് ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈക്കായി സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്. ഒരു ബൗണ്ടറിയ മാത്രം നേടിയ പൊള്ളാര്‍ഡ് അഞ്ചാം പന്തില്‍ പുറത്താവുകയും ചെയ്തു.

നേരത്തെ അവിശ്വസനീയ വിജയത്തിന്‍റെ പടിവാതിലിലെത്തിയെങ്കിലും മുംബൈക്ക് വിജയവര കടക്കാനായില്ല. അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് സിക്സും ഒരു ഫോറും അടിച്ച മുംബൈക്ക് 18 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ തകര്‍ച്ചയോടൊണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(8), സൂര്യകുമാര്‍ യാദവും(0) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. രോഹിത്തിനെ മടക്കി വാഷിംഗ്ടണ്‍ സുന്ദറാണ് മുംബൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ സൂര്യകുമാര്‍ യാദവിനെ ഉദാനയും മടക്കി. ക്വിന്‍റണ്‍ ഡീ കോക്കിനെ(14) ചാഹലും ഹര്‍ദ്ദിക് പാണ്ഡ്യയെ(15) സാംപയും മടക്കിയപ്പോള്‍ പന്ത്രണ്ടാം ഓവറില്‍ മുംബൈ 78ല്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.

പൊളിച്ചടുക്കി പൊള്ളാര്‍ഡ്, ക്ലാസ് തെളിയിച്ച് കിഷന്‍

പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് ഇഷാന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും പോരാട്ടം ഏറ്റെടുത്തത്. 58 പന്തില്‍ 99 റണ്‍സടിച്ച കിഷനും 24 പന്തില്‍ 60 റണ്‍സടിച്ച പൊള്ളാര്‍ഡും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ മുംബൈ അവിശ്വസനീയ ജയത്തിന്‍റെ പടിവാതിലില്‍ എത്തിച്ചു. ഉദാന എറിഞ്ഞ അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്.

ആദ്യ രണ്ട് പന്തില്‍ സിംഗളുകള്‍ മാത്രമാണ് കിഷനും പൊള്ളാര്‍ഡിനും നേടാനായത്. എന്നാല്‍ മൂന്നും നാലും പന്തുകള്‍ സിക്സിന് പറത്തി കിഷന്‍ അഞ്ചാം പന്തില്‍ പുറത്തായി. അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമായിരുന്നെങ്കിലും ബൗണ്ടറി നേടാനെ പൊള്ളാര്‍ഡിനായുള്ളു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ക്രീസിലറങ്ങിയ ബാംഗ്ലൂരിനായി ബാറ്റിംഗ് വെടിക്കെട്ടുമായി എ ബി ഡിവില്ലിയേഴ്സും അര്‍ധസെഞ്ചുറികളുമായി മലയാളി താരം ദേവ്‌ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്.

പിഞ്ച് ഹിറ്റുമായി ഫിഞ്ച്

പതിവില്‍ നിന്ന് വ്യത്യസ്തനായി ആക്രമിച്ച് കളിക്കുന്ന ഫിഞ്ചിനെയാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ കണ്ടത്. ഫിഞ്ച് അടിച്ചു തകര്‍ത്തപ്പോള്‍ കാഴ്ചക്കാരനായി നിന്ന പടിക്കല്‍ സിംഗിളുകളിലൂടെ പരമാവധി സ്ട്രൈക്ക് ഫിഞ്ചിന് നല്‍കാനാണ് ശ്രമിച്ചത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന 59 റണ്‍സടിച്ചു. 35 പന്തില്‍ 54 റണ്‍സെടുത്ത ഫിഞ്ച് മടങ്ങുമ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ ഒമ്പത് ഓവറില്‍ 81 റണ്‍സിലെത്തിയിരുന്നു.

നിരാശപ്പെടുത്തി കിംഗ് കോലി

വണ്‍ർ ഡൗണായി എത്തിയ ക്യാപ്റ്റന്‍ വിരാട് കോലി പതിവ് ഫോമിന് അടുത്തൊന്നുമായിരുന്നില്ല. 11 പന്ത് നേരിട്ട കോലി  മൂന്ന് റണ്‍സെടുത്ത് രാഹുല്‍ ചാഹറിന്‍റെ പന്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് അനായാസ ക്യാച്ച് നല്‍കരി മടങ്ങി.

അടിച്ചുപറത്തി പടിക്കല്‍

കോലി പുറത്തായശേഷമായിരുന്നു നിലയുറപ്പിച്ച പടിക്കല്‍ അടി തുടങ്ങിയത്. ജെയിംസ് പാറ്റിന്‍സണെ തുടര്‍ച്ചയായി രണ്ട് സിക്സിന് പറത്തി പടിക്കല്‍ ബാംഗ്ലൂരിനെ വീണ്ടും ടോപ് ഗിയറിലാക്കി. ബോള്‍ട്ടിന്‍റെ പതിനെട്ടാം ഓവറില്‍ സിക്സടിക്കാനുള്ള പടിക്കലിന്‍റെ ശ്രമം ലോംഗ് ഓണില്‍ പൊള്ളാര്‍ഡിന്‍റെ കൈകളില്‍ അവസാനിച്ചു. 40 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് പടിക്കല്‍ 54 റണ്‍സടിച്ചത്.

ഡിവില്ലിയേഴ്സ് വെടിക്കെട്ട്

കോലിക്ക് ശേഷമെത്തിയ ഡിവില്ലിയേഴ്സ് ആക്രമിച്ചു കളിച്ചതോടെ ബാംഗ്ലൂര്‍ സ്കോര്‍ കുതിച്ചു.  ബുമ്ര എറിഞ്ഞ പതിനേഴാം ഓവറില്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും ഡിവില്ലിയേഴ്സ് ബൂമ്രയുടെ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ച് ബാംഗ്ലൂരിനെ 200ന് അടുത്തെത്തിച്ചു. അവസാന ഓവറില്‍ ശിവം ദുബെയുടെ വെടിക്കെട്ട് ബാംഗ്ലൂരിനെ 200ല്‍ കടത്തി. 24 പന്തില്‍ 55 റണ്‍സുമായി ഡിവില്ലിയേഴ്സും 10 പന്തില്‍ 27 റണ്‍സുമായി ശിവം ദുബെയും പുറത്താകാതെ നിന്നു. അവസാന അഞ്ചോവറില്‍ ബാംഗ്ലൂര്‍ 78 റണ്‍സടിച്ചു.

മുംബൈക്കായി ട്രെന്‍റ് ബോള്‍ട്ട് രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.നാലോവറില്‍ 42 റണ്‍സ് വഴങ്ങിയ ബുമ്രക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.