Asianet News MalayalamAsianet News Malayalam

രാഹുല്‍, ഗെയ്‌ല്‍ ഫിനിഷിംഗ്; അനായാസം, ആവേശത്തോടെ മുംബൈയെ വീഴ്‌ത്തി പഞ്ചാബ്

മറുപടി ബാറ്റിംഗില്‍ കിഗ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം നല്‍കി നായകന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും. ഇരുവരും ഏഴാം ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ടിലെത്തി.

IPL 2020 PBKS vs MI Punjab Kings won by 9 wkts
Author
Chennai, First Published Apr 23, 2021, 11:04 PM IST

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒന്‍പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി പഞ്ചാബ് കിംഗ്‌സ്. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 14 പന്ത് ബാക്കിനില്‍ക്കേ പഞ്ചാബ് നേടുകയായിരുന്നു. കെ എല്‍ രാഹുല്‍(52 പന്തില്‍ 60*), ക്രിസ് ഗെയ്‌ല്‍(35 പന്തില്‍ 43*) എന്നിവരുടെ മികവിലാണ് പഞ്ചാബ് അനായാസം ചേസ് ചെയ്തത്. ഇരുവരും പുറത്താകാതെ 79 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടി. പഞ്ചാബിനായി ബിഷ്‌ണോയും ഷമിയും രണ്ടും ഹൂഡയും അര്‍ഷ്‌ദീപും ഓരോ വിക്കറ്റും നേടി. 

ടോസും തന്ത്രവും ജയിച്ച് രാഹുല്‍

ടോസ് നേടി മുംബൈയെ ബാറ്റിംഗിനയച്ച കെ എല്‍ രാഹുലിന്‍റെ തന്ത്രം തുടക്കത്തിലെ ഫലിച്ചു. രണ്ടാം ഓവറില്‍ ദീപക് ഗൂഡ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിനെ(5 പന്തില്‍ 3) മിഡ് ഓണില്‍ ഹെന്‍റിക്‌സിന്‍റെ കൈകളിലെത്തിച്ചു. സ്ഥാനക്കയറ്റം കിട്ടി മൂന്നാമനായെത്തിയ ഇഷാന്‍ കിഷനെയും ക്രീസില്‍ കാലുറപ്പിക്കാന്‍ പഞ്ചാബ് അനുവദിച്ചില്ല. പ്ലെയിംഗ് ഇലവനില്‍ ലഭിച്ച അവസരം മുതലാക്കിയ സ്‌പിന്നര്‍ രവി ബിഷ്‌ണോയ് വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളില്‍ ഭദ്രമാക്കുകയായിരുന്നു. കിഷന്‍ 17 പന്തില്‍ ആറ് റണ്‍സേ നേടിയുള്ളൂ. ഇതോടെ മുംബൈ ഏഴ് ഓവറില്‍ 26-2. 

തിരിച്ചടിച്ച് രോഹിത്-സൂര്യകുമാര്‍

എന്നാല്‍ മൂന്നാം വിക്കറ്റില്‍ രോഹിത്-സൂര്യകുമാര്‍ സഖ്യം മുംബൈക്കായി മത്സരം തിരിച്ചുപിടിക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. ഇരുവരും 79 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി. നാല്‍പത് പന്തില്‍ ഹിറ്റ്‌മാന്‍ 40-ാം ഐപിഎല്‍ ഫിഫ്റ്റിയിലെത്തി. 16-ാം ഓവറില്‍ മുംബൈ 100 കടന്നു. എന്നാല്‍ 17-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇരുവരുടേയും കൂട്ടുകെട്ട് പൊളിച്ച് ബിഷ്‌ണോയ് ബ്രേക്ക്‌ത്രൂ നല്‍കിയതോടെ കളി മാറി. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച സൂര്യകുമാര്‍(27 പന്തില്‍ 33) ഷോര്‍ട് തേഡ് മാനില്‍ ഗെയ്‌ലിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 

വീണ്ടും പഞ്ചാബ്

അവസാന ഓവറുകളില്‍ വെടിക്കെട്ടിന് തിരികൊളുത്താമെന്ന മുംബൈ പ്രതീക്ഷകള്‍ തകര്‍ത്ത് പഞ്ചാബ് വീണ്ടും മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ഹിറ്റ്‌മാനെ 18-ാം ഓവറിലെ മൂന്നാം പന്തില്‍ ഷമി മടക്കി. 52 പന്തില്‍ അഞ്ച് ഫോറും രണ്ട് ഫോറും സഹിതം 63 റണ്‍സാണ് രോഹിത് നേടിയത്. പൊള്ളാര്‍ഡും ഹര്‍ദിക്കും ക്രീസില്‍ ഒന്നിച്ചെങ്കിലും കാര്യമുണ്ടായില്ല. ഹര്‍ദിക് പാണ്ഡ്യയെയും(4 പന്തില്‍ 1), ക്രുനാല്‍ പാണ്ഡ്യയേയും(3 പന്തില്‍ 3) മുംബൈക്ക് നഷ്‌ടമായപ്പോള്‍ പൊള്ളാര്‍ഡും(12 പന്തില്‍ 16), ജയന്തും (0*) പുറത്താകാതെ നിന്നു. 

കരുതലോടെ ചേസിംഗ്

മറുപടി ബാറ്റിംഗില്‍ കിഗ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം നല്‍കി നായകന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും. ഇരുവരും ഏഴാം ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ടിലെത്തി. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ രാഹുല്‍ ചഹാറാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. മായങ്കിനെ(20 പന്തില്‍ 25) ലോംഗ് ഓണില്‍ നിന്ന് ഓടിയെത്തിയ സൂര്യകുമാര്‍ ക്യാച്ചെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് സാഹസികതയ്‌ക്ക് മുതിരാതെ കരുതലോടെ കളിക്കുകയായിരുന്നു രാഹുലും മൂന്നാമനായി ക്രീസിലെത്തിയ ക്രിസ് ഗെയ്‌ലും. ഇതോടെ 16-ാം ഓവറില്‍ ടീം 100ലെത്തി. 

ആവേശത്തോടെ ഫിനിഷിംഗ്

തൊട്ടടുത്ത ഓവറില്‍ രാഹുല്‍ 50 പന്തില്‍ 24-ാം ഐപിഎല്‍ അര്‍ധ സെഞ്ചുറി തികച്ചു. അവസാന മൂന്ന് ഓവറില്‍ 17 റണ്‍സായിരുന്നു പഞ്ചാബിന് വിജയലക്ഷ്യം. ബോള്‍ട്ട് എറിഞ്ഞ 18-ാം ഓവറിലെ ആദ്യ നാല് പന്തില്‍ തന്നെ രാഹുലും ഗെയ്‌ലും ഈ ലക്ഷ്യം നേടിയതോടെ മുംബൈയെ പഞ്ചാബ് കീഴ്‌പ്പെടുത്തുകയായിരുന്നു. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

Follow Us:
Download App:
  • android
  • ios