മുംബൈ: ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍മീഡിയയില്‍ ഭീഷണിയുയർന്നിരുന്നു. ഇത്തരം ഭീഷണികള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു ​നിരവധി പേർ. താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് ഇന്ത്യൻ മുൻതാരം പ്രഗ്യാൻ ഓജയും. 

നമ്മള്‍ പ്രതികരിക്കേണ്ട വിഷയമാണിത്. ഒരു കായികയിനത്തേയോ വ്യക്തിയോയോ മാത്രം സംബന്ധിക്കുന്നതല്ല, രാജ്യത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. ഇത്തരം സംഭവങ്ങള്‍ വലിയ വിഷമമുണ്ടാക്കി. എനിക്കും ഒരു ചെറിയ ആണ്‍കുഞ്ഞുണ്ട്. നിങ്ങള്‍ക്കൊരു പെണ്‍കുഞ്ഞുണ്ടാകും. സ്‌ത്രീകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് നമ്മളെല്ലാം. ട്രോളും പരിഹാസവും നമുക്ക് തിരിച്ചറിയാനാകും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുള്ള ഭീഷണികള്‍ അംഗീകരിക്കാനാവില്ല എന്നും ഓജ വ്യക്തമാക്കി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വികള്‍; ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്ന ചിലരാണ് കുഞ്ഞിനെതിരെ മോശം പദപ്രയോഗങ്ങളും ഭീഷണിയുമായി രംഗത്തെത്തിയത്. ധോണിയെയും കേദാര്‍ ജാദവിനെതിരെയും ഇവര്‍ അധിക്ഷേപിക്കുന്നുണ്ട്. ട്രോള്‍ ധോണി എന്ന പേജുകളിലാണ് അധിക്ഷേപ കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിനെതിരെ പ്രതിഷേധവുമായി ഇര്‍ഫാന്‍ പത്താന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ധോണി ക്രിക്കറ്റ് മത്സരം തോല്‍ക്കുന്നതിന് അഞ്ചുവയസ്സായ മകളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. 

കാത്തിരിക്കുന്നത് രണ്ട് നാഴികക്കല്ല്; ആരാധകരുടെ കണ്ണുകള്‍ ധോണിയുടെ ഗ്ലൗവില്‍