ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ്- രാജസ്ഥാന്‍ റോയല്‍സ്് പോരാട്ടം. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇരുടീമിനും സീസണിലെ എട്ടാം മത്സരമാണിത്. ആദ്യപാദത്തില്‍ തോറ്റതിന്റെ കണക്ക് തീര്‍ക്കാനുണ്ട് രാജസ്ഥാന്. ഡല്‍ഹിക്കാവട്ടെ വിജയവഴിയില്‍ തിരിച്ചെത്തണം. അതിലുപരി ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റെയും റിക്കി പോണ്ടിംഗും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. ഡല്‍ഹിയുടെ കോച്ചാണ് പോണ്ടിംഗ്. വോണ്‍ രാജസ്ഥാനൊപ്പം തന്നെയുണ്ട്. 

ഡല്‍ഹിക്ക് അഞ്ചും രാജസ്ഥാന് മൂന്നും ജയങ്ങളാണുള്ളത്. ജോസ് ബട്ലറിന്റെ ഓപ്പണിംഗ് പങ്കാളി ആരാകുമെന്നതില്‍ തുടങ്ങുന്നു റോയല്‍സിന്റെ പ്രശ്‌നം. സഞ്ജു സാംസണ്‍ ഹൈദരാബാദിനെതിരെ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ബൗളിംഗില്‍ ജോഫ്രാ ആര്‍ച്ചര്‍ ഒഴികെയുളളവരെല്ലാം തല്ല് വാങ്ങുന്നതും സ്മിത്തിന് തലവേദനയാണ്. റോബിന്‍ ഉത്തപ്പയുടെ ഫോമില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. മധ്യനിരയില്‍ കളിക്കുന്ന താരത്തെ ഇന്ന് ഓപ്പണറാക്കുമെന്നും സൂചനയുണ്ട്. 

മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹി തിരിച്ചുവരവ് ലക്ഷ്യമിടും ഋഷഭ് പന്തിന്റെ പരിക്കോടെ ടീം ഘടനയില്‍ മാറ്റം വരുത്തേണ്ടി വന്നത് ഡല്‍ഹിക്ക് തിരിച്ചടിയായി. എങ്കിലും ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം കണക്കുകളില്‍ വ്യക്തമാണ്. ബൗളിംഗില്‍ സീസണിലെ ആദ്യ 25സ്ഥാനങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് 5 പേരുണ്ടെങ്കില്‍ രാജസ്ഥാന്റെ സാന്നിധ്യം ആര്‍ച്ചറില്‍ ഒതുങ്ങും.

സാധ്യത ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയ്‌ദേവ് ഉനദ്ഖട്ട്, കാര്‍ത്തിക് ത്യാഗി.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, അലക്‌സ് ക്യാരി, മാര്‍കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.