ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിര്‍ണായക പോരാട്ടം. വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. ഇന്ന് തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താവും. ഇരുവരും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാനാണ് മുന്നില്‍.

തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് കൊല്‍ക്കത്ത രാജസ്ഥാനെ നേരിടാനൊരുങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരെ തകര്‍ത്ത ആത്മവിശ്വാസത്തിലണ് രാജസ്ഥാന്‍ റോയല്‍സ്. 

നിര്‍ണായക സമയത്ത് തെറ്റായ തീരുമാനങ്ങളിലൂടെ മുന്‍തൂക്കം നഷ്ടമായക്കിയവരാണ് പലപ്പോഴും നൈറ്റ് റൈഡേഴ്‌സ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 5 വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസണ്‍ നിറംമങ്ങിയതും തിരിച്ചടിയായി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രമാണ് ഫെര്‍ഗൂസണ്‍ വീഴ്ത്തിയത്. 

ചെന്നൈക്കെതിരെ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങി കൈപൊള്ളിയതിനാല്‍ കൊല്‍ക്കത്ത ടീമില്‍ മാറ്റം പ്രതീക്ഷിക്കാം. 12 കളിയില്‍ 15 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയിലൂടെ മധ്യഓവറുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കൊല്‍ക്കത്ത ശ്രമിച്ചേക്കും

ബെന്‍ സ്‌റ്റോക്‌സ്- സഞ്ജു സാംസണ്‍ കൂട്ടുകെട്ടിലായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്റെ മുന്നേറ്റം. 26 റണ്‍സ് കൂടി നേടിയാല്‍ 2018ന് ശേഷം ആദ്യമായി സീസണില്‍ 400 റണ്‍സ് പിന്നിടാന്‍ സഞ്ജുവിന് കഴിയും. ഇരുടീമും ദുബായില്‍ തന്നെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്ത 37 റണ്‍സിന് ജയിച്ചിരുന്നു.