ദുബായ്: ലോകം കൊവിഡ‍് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ അതിനൊപ്പം ചേര്‍ന്ന് പോരാടുന്ന ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിതരെ സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആദരവുമായി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്ലില്‍ ബംഗ്ലൂര്‍ താരങ്ങള്‍ ധരിക്കുന്ന ജേഴ്സിയിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ആദരിക്കാനായി മൈ കൊവി‍ഡ് ഹീറോസ് എന്ന് ആലേഖനം ചെയ്തിരിക്കുന്നത്.

ഐപിഎല്ലിലെ ആദ്യ മത്സരത്തിലാണ് ആര്‍സിബി താരങ്ങള്‍ കൊവിഡ് ഹീറോസിന് ആദരമര്‍പ്പിക്കുന്ന ജേഴ്സി ധരിച്ചിറങ്ങുക. മത്സരശേഷം ഈ ജേഴ്സികള്‍ ലേലം ചെയ്ത് ഇതിലൂടെ ലഭിക്കുന്ന തുക ഗിവ് ഇന്ത്യ ഫൗണ്ടേഷന് കൈമാറാനാണ് ആര്‍സിബിയുടെ തീരുമാനം. കൊവിഡ് ഹീറോസിനെ ആദരിക്കാന്‍ ലഭിച്ച അവസരം അനുഗ്രഹമായാണ് കാരുതുന്നതെന്ന് പുതിയ ജേഴ്സി പുറത്തിറക്കി ആര്‍സിബി നായകന്‍ വിരാട് കോലി പറഞ്ഞു.

കഴിഞ്ഞ കുറച്ചുമാസങ്ങളായി കൊവിഡ് ഹീറോസിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് അക്ഷരാര്‍ത്ഥത്തില്‍ രോമാഞ്ചമുണ്ടാവാറുണ്ടെന്നും യഥാര്‍ത്ഥ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് പോവുന്ന ഇവരാണ് രാജ്യത്തിന്റെ അഭിമാനമെന്നും കോലി പറഞ്ഞു. രാത്രിയും പകലുമില്ലാതെ കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നവരാണ്  തന്റെ ഹീറോസെന്നും കോലി പറഞ്ഞു. കോലിക്ക് പുറമെ മലയാളി താരം ദേവദത്ത് പടിക്കലും ജേഴ്സി പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.