ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേടിരും. വൈകിട്ട് 3.30ന് ദുബായ് ഇന്റaര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെകുറെ അവസാനിച്ച മട്ടാണ്. ബാംഗ്ലൂര്‍ പ്ലേ ഓഫിന് അരികിലുമാണ്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ബാംഗ്ലൂരിന് തന്നെയാണ് ഇന്ന് ജയസാധ്യത. പ്രതീക്ഷകള്‍ വറ്റിയ ചെന്നൈ ഇന്ന് യുവതാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തേക്കും.

ധോണിക്കും സംഘത്തിനും തൊട്ടതെല്ലാം പിഴച്ചപ്പോള്‍ പതിനൊന്ന് കളിയില്‍ എട്ടിലും ടീം തോറ്റു. ഐ പി എല്‍ ചരിത്രത്തിലെ ആദ്യ പത്ത് വിക്കറ്റ് തോല്‍വിയുടെ നാണക്കേടുമായാണ് ചെന്നൈ ബാംഗ്ലൂരിനെതിരെ ഇറങ്ങുന്നത്. വയസ്സന്‍ പടയെന്ന വിമര്‍ശം ഏറ്റുവാങ്ങി യുഎയിലെത്തിയെ ചെന്നൈയുടെ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ നിറം മങ്ങിയതാണ് മുന്‍ചാംപ്യന്‍മാര്‍ക്ക് തിരിച്ചടിയായത്. ഇനിയുള്ള കളികളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ചെന്നൈ നായകന്‍ വ്യക്തമാക്കിക്കഴിഞ്ഞു. 

പത്തില്‍ ഏഴിലും ജയിച്ച ബാംഗ്ലൂര്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. കോലി, ഡിവിലിയേഴ്‌സ് എന്നിവരെ അമിതമായി ആശ്രയിക്കുന്നതില്‍ നിന്ന് രക്ഷപ്പെട്ട ബാംഗ്ലൂരിന്റെ ബൗളര്‍മാരും ഫോമില്‍. ദേവ്ദത്ത് പടിക്കലിന്റെ സ്ഥിരതയാര്‍ന്ന ബാറ്റിംഗും യുസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ സ്പിന്‍ ബൗളിംഗും ബാംഗ്ലൂരിന്റെ തലവരമാറ്റി. ക്രിസ് മോറിസിന്റെ വരവോടെ ഡെത്ത് ഓവറുകളിലെ പ്രതിസന്ധിക്കും പരിഹാരമായി. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 37 റണ്‍സിന് ചെന്നൈയെ തോല്‍പിച്ചിരുന്നു. ചെന്നൈയ്‌ക്കെതിരെ പ്രകൃതി സംരക്ഷണ സന്ദേശവുമായിട്ടായിരിക്കും ബാംഗ്ലൂര്‍ ഇറങ്ങുക. ഇന്നത്തെ മത്സരത്തില്‍ ബാംഗ്ലൂര്‍ പച്ച ജേഴ്‌സി അണിയും. 

സാധ്യത ഇലവന്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഋതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായുഡു, എന്‍ ജഗദീഷന്‍, എം എസ് ധോണി, രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, കെ എം ആസിഫ്, ഇമ്രാന്‍ താഹിര്‍, ലുംഗി എന്‍ഗിടി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് മന്‍, ക്രിസ് മോറിസ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്,യൂസ് വേന്ദ്ര ചാഹല്‍.