ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തിരിച്ചുവരവ്. റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ അര്‍ധ സെഞ്ചുറിയിലാണ് ചെന്നൈയുടെ ജയഭേരി. വിജയലക്ഷ്യമായ 146 റണ്‍സ് എട്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ സ്വന്തമാക്കി. റുതുരാജ് 51 പന്തില്‍ പുറത്താകാതെ 65 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവിന്‍റെ ഇന്നിംഗ്‌സും സാം കറന്‍റെ മൂന്ന് വിക്കറ്റും ചെന്നൈ ജയത്തില്‍ നിര്‍ണായകമായി. സ്‌കോര്‍- ആര്‍സിബി: 145-6 (20 Ov), സിഎസ്‌കെ: 150-2 (18.4 Ov). പോയിന്‍റ് പട്ടികയില്‍ ബാംഗ്ലൂര്‍ മൂന്നാമതും ചെന്നൈ ഏഴാമതുമാണ്. 

നന്നായി തുടങ്ങി ചെന്നൈ

മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അനായാസമാണ് കളി തുടങ്ങിയത്. ഫാഫ് ഡുപ്ലസിസും റുതുരാജ് ഗെയ്‌ക്‌വാദും നല്‍കിയത് മികച്ച തുടക്കം. ആറാം ഓവറിലാണ് ബാംഗ്ലൂര്‍ ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 13 പന്തില്‍ 25 റണ്‍സെടുത്ത ഡുപ്ലസിയെ മോറിസ്, എക്‌സ്‌ട്രാ കവറില്‍ സിറാജിന്‍റെ കൈകളിലെത്തിച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 48-1 എന്ന സ്‌കോറിലായിരുന്നു ചെന്നൈ. റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം അമ്പാട്ടി റായുഡു ചേര്‍ന്നതോടെ ചെന്നൈ റണ്‍നിരക്ക് കുറയാതെ കുതിച്ചു. ഇതോടെ 12-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. 

ചാഹലിന്‍റെ ട്വിസ്റ്റ്, പക്ഷേ ഫലമില്ല

ഇരുവരും ശക്തമായി നിലയുറപ്പിച്ചതോടെ അവസാന 42 പന്തില്‍ 35 റണ്‍സ് മാത്രമായി ചെന്നൈയുടെ ലക്ഷ്യം. എന്നാല്‍ 14-ാം ഓവറിലെ മൂന്നാം പന്തില്‍ ചാഹലിന്‍റെ കറങ്ങും പന്തിന് മുന്നില്‍ റായുഡുവിന്‍റെ ബെയ്‌ല്‍സ് തെറിച്ചു. നേടിയത് 27 പന്തില്‍ 39 റണ്‍സ്. ഇതേ ഓവറില്‍ സിംഗിളെടുത്ത് ഗെയ്‌ക്‌വാദ് ഫിഫ്റ്റി തികച്ചു. അവസാന മൂന്ന് ഓവറിലെ 10 റണ്‍സ് വിജയലക്ഷ്യം റുതുരാജും ധോണിയും ക്രീസില്‍ നില്‍ക്കേ ചെന്നൈക്ക് ഭീഷണിയേയായിരുന്നില്ല. 18.4 ഓവറില്‍ ചെന്നൈ ലക്ഷ്യം കണ്ടു. മോറിസിനെ സിക്‌സര്‍ പറത്തിയായിരുന്നു റുതുരാജിന്‍റെ ഫിനിഷിംഗ്. റുതുരാജിനൊപ്പം ധോണി(21 പന്തില്‍ 19) പുറത്താകാതെ നിന്നു. 

കോലിയുടെ കരുതലില്‍ ബാംഗ്ലൂര്‍

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ക്കായി. തുടക്കത്തിലെ സാം കറന്‍ നാലാം ഓവറില്‍ ആരോണ്‍ ഫിഞ്ചിന് കെണിയൊരുക്കി. തുടക്കം മുതല്‍ മുന്നോട്ടുകയറി കളിക്കാന്‍ ശ്രമിച്ച ഫിഞ്ചിന്(15) ബൗണ്‍സറില്‍ പിഴച്ചു. എക്‌സ്‌ട്രാ കവറിന് മുകളിലൂടെ പറത്താനുള്ള ശ്രമം ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 46-1 എന്ന സ്‌കോറിലായിരുന്നു ബാംഗ്ലൂര്‍. തൊട്ടടുത്ത ഓവറില്‍ സാന്‍റ്‌നര്‍ പന്തെറിയാനെത്തിയപ്പോള്‍ ആദ്യ പന്തില്‍ ദേവ്‌ദത്ത് പടിക്കലും(22) വീണു. ബൗണ്ടറിയില്‍ ഫാഫ്-ഗെയ്‌ക്‌വാദ് സഖ്യത്തിന്‍റെ ഒത്തൊരുമയില്‍ സുന്ദര്‍ ക്യാച്ച്. 

ബൗളിംഗില്‍ കറന്‍, ഫീല്‍ഡില്‍ ഡുപ്ലസി

പിന്നീടങ്ങോട്ട് വിരാട് കോലി-എ ബി ഡിവില്ലിയേഴ്‌സ് സഖ്യം കരുതലോടെ. ഏഴാം ഓവറില്‍ തുടങ്ങി 18-ാം ഓവറിലെ മൂന്നാം പന്തുവരെ നീണ്ടുനിന്ന കൂട്ടുകെട്ട്. ചഹാറിന്‍റെ പന്തില്‍ ബൗണ്ടറിയില്‍ ഡുപ്ലസി പിടിച്ച് പുറത്താകുമ്പോള്‍ 36 പന്തില്‍ 39 റണ്‍സുണ്ടായിരുന്നു എബിഡിക്ക്. പിന്നീടങ്ങോട്ട് ബാംഗ്ലൂരിനെ ചെന്നൈ വരിഞ്ഞുമുറുക്കി. സാം കറന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ മൊയിന്‍ അലി ലോംഗ്‌ഓഫില്‍ സാന്‍റ്‌നറുടെ കൈകളില്‍. ഇതേ ഓവറില്‍ കോലി അര്‍ധ സെഞ്ചുറി(42 പന്തില്‍) തികച്ചു. എന്നാല്‍ അവസാന പന്തില്‍ കോലിയെ ലോംഗ്‌ഓണില്‍ ഡുപ്ലസി പറന്നുപിടിച്ചു. ചഹാറിന്‍റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ മോറിസ്(2) ബൗള്‍ഡായി. 

Powered by