ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലായിരുന്നു. പഞ്ചാബിനായി ഈ സീസണിലെ ആദ്യ അങ്കത്തിനിറങ്ങിയ ഗെയ്‌ല്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ബാറ്റിലെ 'ബോസ്' സ്റ്റിക്കര്‍ ചൂണ്ടിക്കാട്ടിയ ഗെയ്‌ല്‍ മത്സരശേഷവും ആഘോഷം തുടര്‍ന്നു. 

മത്സര ശേഷം സിക്‌സര്‍മാനുള്ള അവാര്‍ഡ് സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു ഗെയ്‌ലിന്‍റെ ആഘോഷം. മത്സരത്തില്‍ അഞ്ച് സിക്‌സുകള്‍ പറത്തിയ യൂണിവേഴ്‌സ് ബോസിന്‍റെ അക്കൗണ്ടില്‍ 96 മീറ്റര്‍ സിക്‌സുമുണ്ടായിരുന്നു. യൂണിവേഴ്‌സ് ബോസ് എന്ന വിശേഷണത്തോടെയാണ് അവാര്‍ഡ് സ്വീകരിക്കാന്‍ ഗെയ്‌ലിനെ ക്ഷണിച്ചത്. ചുവടുകളുമായി മസില്‍ കാട്ടി അവാര്‍ഡ് ചടങ്ങും തന്‍റേതാക്കി മാറ്റി ഗെയ്‌ല്‍. 

മത്സരത്തിന്‍റെ തുടക്കത്തിലും ഗെയ്‌ലിന്‍റെ ആഘോഷമുണ്ടായിരുന്നു. അര്‍ഷദീപിന്‍റെ പന്തില്‍ ആരോണ്‍ ഫിഞ്ച് എഡ്ജ് ചെയ്തപ്പോള്‍ സ്ലിപ്പില്‍ വീണു പിടിച്ചശേഷമായിരുന്നു ഗെയ്‌ലിന്‍റെ രസകരമായ പ്രകടനം. പന്ത് കൈയിലെടുത്തശേഷം ഔട്ടെന്ന പോലെ അരിശത്തോടെ ഫിഞ്ചിന് സമീപത്തേക്ക് ഓടിയെത്തിയ ഗെയ്ല്‍, ഫിഞ്ചിനോട് എന്തോ പറഞ്ഞ ശേഷം പന്ത് ബൗളര്‍ക്ക് എറിഞ്ഞുകൊടുത്ത് തിരിച്ചു നടന്നു. ഗെയ്‌ലിന്‍റെ പ്രകടനം കണ്ട് സഹതാരങ്ങള്‍ക്ക് ചിരി അടക്കാനായില്ല. 

Powered by