Asianet News MalayalamAsianet News Malayalam

അവിശ്വസനീയം! സ‌ഞ്ജു, തിവാട്ടിയ, ആര്‍ച്ചര്‍ വെടിക്കെട്ടില്‍ റണ്‍മല കീഴടക്കി രാജസ്ഥാന്‍

വീണ്ടും ആളിക്കത്തി സഞ്ജു സാംസണിന്‍റെ കൊടൂരമാസ് പ്രകടനം. തോറ്റിടത്തു നിന്ന് രാജസ്ഥാന്‍റെ രക്ഷകനായി രാഹുല്‍ തിവാട്ടിയയുടെ സിക്‌സര്‍ പൂരം. 

ipl 2020 rr beat kxip on sanju samson and Rahul Tewatia fire
Author
Sharjah - United Arab Emirates, First Published Sep 27, 2020, 11:16 PM IST

ഷാര്‍ജ: നമിച്ചു സഞ്ജു സാംസണ്‍, പൊരിച്ചു രാഹുല്‍ തിവാട്ടിയ...ഐപിഎല്ലില്‍ സഞ്ജുവിന്‍റെയും തിവാട്ടിയയുടേയും അവിശ്വസനീയ വെടിക്കെട്ടില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 223 റണ്‍സെന്ന കൂറ്റന്‍ റണ്‍മലയാണ് രാജസ്ഥാന്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ മറികടന്നത്. നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ഇന്നിംഗ്‌സും തുണയായി. സ്‌കോര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: 223-2 (20), രാജസ്ഥാന്‍: 226-6 (19.3 Ov)

സ്‌മിത്ത് തുടക്കമിട്ടു

224 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ വലിയ പ്രതീക്ഷ ജോസ് ബട്ട്‌ലറുടെ തിരിച്ചുവരവായിരുന്നു. എന്നാല്‍ ഏഴ് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് നില്‍ക്കേ കോട്രല്‍ താരത്തെ മടക്കി. മൂന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഇത്. എന്നാല്‍ വീണ്ടും ഒന്നിച്ച സ്റ്റീവ് സ്‌മിത്തും മലയാളി താരം സഞ്ജു സാംസണും രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പവര്‍പ്ലേയില്‍ ഇതോടെ 69-1. ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. 

സഞ്ജു കെങ്കേമമാക്കി

ഒന്‍പതാം ഓവറില്‍ സ്‌മിത്ത്(27 പന്തില്‍ 50) മടങ്ങുമ്പോള്‍ രാജസ്ഥാന്‍ 100 പിന്നിട്ടിരുന്നു. പിന്നീടങ്ങോട്ട് കണ്ടത് സഞ്ജു സാംസണിന്‍റെ രണ്ടാം താണ്ഡവം. 27 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി. 16-ാം ഓവര്‍ എറിയാനെത്തിയ മാക്‌സ്‌വെല്ലിനെതിരെ മൂന്ന് സിക്‌സടക്കം 21 റണ്‍സ്. എന്നാല്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഷമിയുടെ സ്ലേ ബൗണ്‍സറില്‍ ബാറ്റുവെച്ച സഞ്ജു രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. സഞ്ജു 42 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 85 റണ്‍സെടുത്തു.

തിവാട്ടിയ ഫിനിഷ് ചെയ്തു

സഞ്ജു പുറത്തായതോടെ വിജയമുറപ്പിച്ചിരുന്ന പഞ്ചാബിന്‍റെ ആത്മവീര്യം കൊടുത്തി തിവാട്ടിയ വെടിക്കെട്ട്. 18-ാം ഓവറില്‍ കോട്രലിനെതിരെ അഞ്ച് സിക്‌സ് സഹിതം 30 റണ്‍സ്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ വീണ്ടും ഷമി. ഉത്തപ്പ ഒന്‍പത് റണ്‍സുമായി മടങ്ങി. എന്നാല്‍ അടുത്തടുത്ത രണ്ട് പന്തുകളും ആര്‍ച്ചര്‍ ഗാലറിയിലെത്തിച്ചു. അഞ്ചാം പന്തില്‍ തിവാട്ടിയ പുറത്തായി. 31 പന്തില്‍ നേടിയത് 53 റണ്‍സ്!. എന്നാല്‍ ജയത്തിലേക്കുള്ള രണ്ട് അകലം 19.3 ഓവറില്‍ അവിശ്വസനീയമായി രാജസ്ഥാന്‍ മറികടന്നു. ആര്‍ച്ചര്‍ മൂന്ന് പന്തില്‍ 13* റണ്‍സും ടോം കറന്‍ ഒരു പന്തില്‍ 4* ഉം നേടി.

രാഹുല്‍ തുടക്കമിട്ടു

മായങ്ക് അഗര്‍വാള്‍- കെ എല്‍ രാഹുല്‍ താണ്ഡവത്തിലാണ് കിംഗ്സ് ഇലവൻ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ പടുത്തുയർത്തിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 183 റണ്‍സ് ചേര്‍ത്തു. ഇതിനൊപ്പം നിക്കോളാസ് പുരാന്‍റെ അവസാന ഓവറുകളിലെ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ പഞ്ചാബ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 223 റണ്‍സെടുത്തു. മായങ്ക് 50 പന്തില്‍ 106 റണ്‍സും കെ എല്‍ രാഹുല്‍ 54 പന്തില്‍ 69 റണ്‍സും നേടി. രാജസ്ഥാനായി അങ്കിത് രജ്‌പുതും ടോം കറനുമാണ് വിക്കറ്റ് വീഴ്‌ത്തിയത്.

മായങ്ക് ആളിക്കത്തി

ഓപ്പണര്‍മാര്‍ അടിതുടര്‍ന്നതോടെ ഒന്‍പത് ഓവറില്‍ കിംഗ്‌സ് ഇലവന്‍ 100 പിന്നിട്ടു. രാഹുലിനെ കാഴ്‌ചക്കാരനാക്കി തലങ്ങുംവിലങ്ങും സിക്‌സുകള്‍ പറത്തിയ മായങ്ക് 26 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. രാഹുല്‍ 35 പന്തില്‍ നിന്ന് അമ്പതിലെത്തി. 14-ാം ഓവറിലെ രണ്ടാം പന്തില്‍ സ്‌കോര്‍ 150 കടന്നു. 45 പന്തില്‍ മായങ്ക് കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചു. ഇതിനകം തന്നെ ഏഴ് സിക്‌സുകള്‍ ഗാലറിയിലെത്തിയിരുന്നു. 

പുരാന്‍ പൂര്‍ത്തിയാക്കി

ഈ ഓപ്പണിംഗ് സഖ്യം പൊളിക്കാന്‍ രാജസ്ഥാന് കഴിഞ്ഞത് 17-ാം ഓവറില്‍ മാത്രം. 50 പന്തില്‍ 106 റണ്‍സെടുത്ത മായങ്ക്, ടോം കറന്‍റെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കി മടങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ പിറന്നത് 183 റണ്‍സ്. രാഹുലാവട്ടെ  54 പന്തില്‍ 69 റണ്‍സുമായി രജ്‌പുതിന്‍റെ 19-ാം ഓവറില്‍ വീണു. എന്നാല്‍ അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും(9 പന്തില്‍ 13*) നിക്കോളസ് പുരാനും(8 പന്തില്‍ 25*) ചേര്‍ന്ന് പഞ്ചാബിനെ സ്വപ്‌ന സ്‌കോറിലെത്തിച്ചു. 

Follow Us:
Download App:
  • android
  • ios