ദുബായ്: ഐപിഎല്ലില്‍ ആദ്യമത്സരത്തിനിറങ്ങും മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് സന്തോഷവാര്‍ത്ത. ഇംഗ്ലണ്ട് ഓസ്ട്രേലിയ പരമ്പരക്കിടെ പരിക്കേറ്റ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ കളിക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് തലയില്‍ പരിക്കേറ്റ സ്മിത്തിന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായിരുന്നു.

ഇന്ന് നടന്ന കണ്‍കഷന്‍ പരിശോധനക്കുശേഷമാണ് സ്മിത്ത് ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് രാജസ്ഥാന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്. സ്മിത്ത് കളിക്കില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രാജസ്ഥാന്‍ പരിശീലകന്‍ ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡും വ്യക്തമാക്കി. സ്മിത്ത് ആദ്യമത്സരത്തിന് ഉണ്ടാവുമെന്നവാര്‍ത്ത സന്തോഷകരമാണെന്നും മക്‌ഡൊണാള്‍ഡ് പറഞ്ഞു.

ഗ്രൗണ്ടില്‍ തിരിച്ചെത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സ്മിത്ത് പറഞ്ഞു.  ഇന്ന് നെറ്റ്സില്‍ പരിശീലനം നടത്തുമെന്നും സ്മിത്ത് വ്യക്തമാക്കി.ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരക്കുശേഷം വ്യാഴാഴ്ചയാണ് രാജസ്ഥാന്‍ നായകനായ സ്റ്റീവ് സ്മിത്ത്, ടീം അംഗങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യുഎഇയിലെത്തിയത്. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു.

36 മണിക്കൂര്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയരായ താരങ്ങള്‍ ഇതിനുശേഷം ടീമിനൊപ്പം ശനിയാഴ്ച ടീമിനൊപ്പം ചേര്‍ന്നു. ആദ്യ മത്സരത്തില്‍ മുംബൈയെ വീഴ്ത്തിയ ചെന്നൈ വിജയം തുടരാനായാണ് രാജസ്ഥാനെതിരെ ഇറങ്ങുന്നത്.