ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ റെക്കോര്‍ഡ് തൂത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ അവസാന അഞ്ച് ഓവറില്‍ കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡാണ് സ്റ്റീവ് സ്‌മിത്തിനും സംഘത്തിനും സ്വന്തമായത്. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തില്‍ അവസാന അഞ്ച് ഓവറില്‍ രാജസ്ഥാന്‍ 86 റണ്‍സ് ചേര്‍ത്തു. മലയാളി താരം സ‍ഞ്ജു സാംസണിന്‍റെ സംഭാവനയും ഇതിലുണ്ട്. 16-ാം ഓവറില്‍ മാക്‌സ്‌വെല്ലിനെതിരെ മൂന്ന് സിക്‌സര്‍ പറത്തി സഞ്ജുവാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 21, 12, 30, 19, 4* എന്നിങ്ങനെയാണ് അവസാന അഞ്ച് ഓവറുകളിലെ സ്‌കോര്‍. ഷെല്‍ഡണ്‍ കോട്രലിന്‍റെ 18-ാം ഓവറില്‍ അഞ്ച് സിക്‌സുകള്‍ സഹിതം 30 റണ്‍സ് അടിച്ചുകൂട്ടിയത് രാഹുല്‍ തിവാട്ടിയയാണ്. 

സഞ്ജു അടുത്ത ധോണിയെന്ന് തരൂര്‍, ഉടന്‍ മറുപടിയുമായി ഗംഭീര്‍, ട്വിറ്ററില്‍ ക്രിക്കറ്റ് യുദ്ധം

2012ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 77 റണ്‍സ് നേടിയതായിരുന്നു ചെന്നൈയുടെ പേരില്‍ നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്. ഇതേവര്‍ഷം ഡെക്കാനെതിരെ 72 റണ്‍സ് നേടിയ ആര്‍സിബിയാണ് ഇപ്പോള്‍ മൂന്നാമത്.

സഞ്ജുവിന്‍റെയും(42 പന്തില്‍ 85) തിവാട്ടിയയുടേയും(31 പന്തില്‍ 53) അവിശ്വസനീയ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സ് നാല് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം അടിച്ചെടുത്തിരുന്നു. പഞ്ചാബ് മുന്നോട്ടുവച്ച 224 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ മറികടന്നു. നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ അര്‍ധ സെഞ്ചുറിയും(50) തുണയായി. സ്‌കോര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: 223-2 (20), രാജസ്ഥാന്‍: 226-6 (19.3 Ov). മായങ്ക് അഗര്‍വാളിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി(106) പഞ്ചാബിന് ഗുണം ചെയ്‌തില്ല. 

Powered By