ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കരുതലോടെ തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്‌ടം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 52-1 എന്ന സ്‌കോറിലാണ് രാജസ്ഥാന്‍. 19 പന്തില്‍ 15 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിന്‍റെ വിക്കറ്റാണ് നഷ്‌ടമായത്. റോബിന്‍ ഉത്തപ്പയും(31) സഞ്ജു സാംസണുമാണ്(2) ക്രീസില്‍. 

സ്ഥിരം ഓപ്പണറായിരുന്ന ജോസ് ബട്‌ലറെ താഴേക്കിറക്കിയപ്പോള്‍ സ്റ്റോക്‌സിനൊപ്പം ഉത്തപ്പയെ പരിക്ഷിക്കുകയായിരുന്നു രാജസ്ഥാന്‍. ഇരുവരും സാവധാനമാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ബൗണ്ടറി പിറക്കാന്‍ മൂന്നാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെ ഈ ഓവറില്‍ ഉത്തപ്പ നാല് ബൗണ്ടറികള്‍ നേടി. ഉഡാനയുടെ നാലാം ഓവറില്‍ 17 റണ്‍സും പിറന്നു. എന്നാല്‍ പവര്‍പ്ലേയിലെ അവസാന ഓവറില്‍ മോറിസിന്‍റെ ബൗണ്‍സറില്‍ ബാറ്റുവെച്ച സ്റ്റോക്‌സ് വിക്കറ്റ് കീപ്പര്‍ എബിഡിയുടെ കൈകളിലെത്തി. 

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തിലെ ഇലവനില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങിയത്. അതേസമയം ഗുര്‍ക്രീത് സിംഗ്‌ തിരിച്ചെത്തിയപ്പോള്‍ ഷഹബാദ് അഹമ്മദിന് ആദ്യ മത്സരത്തിന് അവസരം നല്‍കി ബാംഗ്ലൂര്‍. മുഹമ്മദ് സിറാജും ശിവം ദുബെയുമാണ് പുറത്തായത്. 

രാജസ്ഥാന്‍ ഇലവന്‍: ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്‌മിത്ത്(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയാസ് ഗോപാല്‍, ജയ്‌ദേവ് ഉനദ്‌ഘട്ട്, കാര്‍ത്തിക് ത്യാഗി

ബാംഗ്ലൂര്‍ ഇലവന്‍: ആരോണ്‍ ഫിഞ്ച്, ദേവ്‌ദത്ത് പടിക്കല്‍, വിരാട് കോലി(ക്യാപ്റ്റന്‍), എ ബി ഡിവില്ലിയേഴ്‌സ്, ഗുര്‍ക്രീത് സിംഗ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, ഷഹബാദ് അഹമ്മദ്, ഇസുരു ഉഡാന, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍

എട്ട് കളിയിൽ അഞ്ച് ജയവും മൂന്ന് തോൽവിയുമായി 10 പോയിന്റുള്ള ബാംഗ്ലൂർ ലീഗിൽ മൂന്നാമതുണ്ട്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ചിലും തോറ്റ രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്. ആദ്യ രണ്ട് കളിയിൽ അർധസെഞ്ചുറി നേടിയെങ്കിലും സഞ്ജു സാംസണ് ബാറ്റിംഗ് ഫോം നിലനിർത്താൻ കഴിഞ്ഞിട്ടില്ല. കോലിയും ഡിവിലിയേഴ്‌സും ഉണ്ടായിട്ടും മധ്യ ഓവറുകളില്‍ റൺനിരക്ക് കുറയുന്നതാണ് ബാംഗ്ലൂരിന്റെ പ്രതിസന്ധി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ എട്ട് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു.