ദുബായ്: ഐപിഎല്ലിൽ മലയാളിതാരം സഞ്ജു സാംസൺ നാളെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. സഞ്ജുവിന്റെ രാജസ്ഥാൻ റോയസ് നാളെ ചെന്നൈ സൂപ്പർ കിംഗ്സിന് നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഷാ‍ർജയിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരുക്കേറ്റ സ്റ്റീവ് സ്മിത്ത് ആദ്യ മത്സരത്തിൽ കളിച്ചേക്കുമെന്നാണ് സൂചന.

ഇന്ന് നടന്ന കണ്‍കഷന്‍ പരിശോധനക്കുശേഷമാണ് സ്മിത്ത് ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് രാജസ്ഥാന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്. സ്മിത്ത് കളിക്കില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രാജസ്ഥാന്‍ പരിശീലകന്‍ ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡും വ്യക്തമാക്കി.അതേസമയം, ബാറ്റിംഗ് പ്രതീക്ഷയായ ജോസ് ബട്‌ലര്‍ക്ക് ആദ്യ മത്സരം നഷ്ടമാവുന്നത് രാജസ്ഥാന് തിരിച്ചടിയാണ്.

ബട്‍ലറും കുടുംബവും ക്വാറന്റീനിലായതോടെയാണ് താരത്തിന് മത്സരം നഷ്ടമാവുന്നത്.ഇംഗ്ലണ്ടിൽ നിന്നും ഓസ്ട്രേലിയിൽ നിന്നുമുള്ള താരങ്ങൾക്ക് 36 മണിക്കൂർ ക്വാറന്റീനാണ് ബിസിസിഐ നി‍ർദേശിച്ചിരിക്കുന്നത്. എന്നാൽ കുടുംബവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാൽ ബട്‍ലർ മറ്റ് താരങ്ങൾക്കൊപ്പം ദുബായിൽ എത്തിയിരുന്നില്ല. ഇതോടെ, രാജസ്ഥാൻ താരത്തിന് ആറു ദിവത്തെ ക്വാറന്റീൻ നി‍ർ‍ബന്ധമാക്കുകയായിരുന്നു.

സഞ്ജുവിനൊപ്പം കേരള രഞ്ജി താരം റോബിൻ ഉത്തപ്പയും രാജസ്ഥാൻ നിരയിലുണ്ട്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻ തോൽൽപിച്ച ആത്മവിശ്വാസവുമായാണ് ധോണിയുടെ ചെന്നൈ ഇറങ്ങുന്നത്. അംബാട്ടി റായുഡു, ഫാഫ് ഡുപ്ലെസി എന്നിവരുടെ മികവിലായിരുന്നു ആദ്യ മത്സരത്തിൽ ചെന്നൈയുടെ ജയം. ഐപിഎല്ലില്‍ ചെന്നൈയും രാജസ്ഥാനും 21 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ചെന്നൈയ്ക്ക് തന്നെയാണ് വ്യക്തമായ ആധിപത്യം. ചെന്നൈ 14 കളിയിലും രാജസ്ഥാൻ 7 കളിയിലുമാണ് ജയിച്ചത്.