ദുബായ്: ഇന്ത്യൻ ടീമിൽ തിരികെ എത്തിയതിന് ശേഷം ഐ പി എല്ലിൽ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് മലയാളിതാരം സ‍ഞ്ജു സാംസൺ. സെലക്ടർമാരുടെ തീരുമാനം ശരിയെന്ന് തെളിയിക്കാനാവും സഞ്ജു ക്രീസിലെത്തുക.

നെറ്റ്സിലും കളിയിലും കൂറ്റൻ ഷോട്ടുകളാണ് സഞ്ജുവിന്റെ കൈമുതൽ. ഉഗ്രൻ ഫോമിൽ തുടങ്ങിയ സഞ്ജു ആദ്യ രണ്ട് കളിയിലും അർധസെഞ്ച്വറി പിന്നിട്ടു. പിന്നെ മിന്നിയും മങ്ങിയും മലയാളിതാരം. 12 ഇന്നിംഗ്സ് പിന്നിടുന്പോൾ 326 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജുവിന്‍റെ ബാറ്റിൽനിന്ന് പറന്നത് 23 സിക്സറുകൾ.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനെന്ന് ഗൗതം ഗംഭീർ ആവർത്തിച്ച് വിശേഷിപ്പിക്കുന്ന സഞ്ജുവിനെ സെലക്ടർമാരും അവഗണിച്ചില്ല. റിഷഭ് പന്തിനെയും ഇഷാൻ കിഷനെയുമൊക്കെ മറികടന്ന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി 20 ടീമിൽ എത്തിയ സഞ്ജുവിന് ഇതുകൊണ്ടുതന്നെ സെലക്ട‍ർമാരുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം കാഴ്ച വയ്ക്കേണ്ടതുണ്ട്.

2013ൽ ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ച സഞ്ജു 105 കളിയിൽ രണ്ട് സെഞ്ച്വറികളോടെ 2535 റൺസെടുത്തിട്ടുണ്ട്. 2018ൽ നേടിയ 441 റൺസാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ സീസണിലും 400 റൺസ് കടന്പ മറികടക്കുകയാണ് സഞ്ജുവിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം 12 കളിയിൽ 342 റൺസെടുത്ത സഞ്ജു 2017ൽ 386 റൺസും 2014ൽ 339 റൺസും നേടിയിരുന്നു.