ദുബായ്: ഐപിഎല്ലിലെ തക‍ർപ്പൻ പ്രകടനത്തിന് കാരണം ലോക്ക്‌ഡൗൺ കാലത്തെ കഠിനാദ്ധ്വാനമെന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസൺ. സെഞ്ചുറി നേടുന്നതിൽ അല്ല ടീമിന്‍റെ ജയമാണ് ലക്ഷ്യം. ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

തിവാട്ടിയയോട് പറഞ്ഞതെന്ത്?

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരം വലിയ അനുഭമായിരുന്നു. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ രാഹുല്‍ തിവാട്ടിയക്ക് പരമാവധി പിന്തുണ നല്‍കാനാണ് ശ്രമിച്ചത്. ഒരു സിക്‌സ് അടിച്ചാല്‍ മതി ഫോമിലെത്താന്‍ പറ്റുമെന്ന് അദേഹത്തോട് പറഞ്ഞു. അതിനു ശേഷം വമ്പന്‍ സിക്‌സുകളുമായി തിവാട്ടിയ ടീമിനെ ജയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. 

ചാരുവും കുടുംബവും കട്ട സപ്പോര്‍ട്ട്

സിക്‌സര്‍ അടിച്ചുകൂട്ടുക എന്നതായിരുന്നു ടീമിന് ആവശ്യം. മികച്ച സിക്‌സര്‍ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതിനായി പരിശീലനം നടത്തിയിരുന്നു. ലോക്ക്‌ഡൗണിലെ നാലഞ്ച് മാസം ജിമ്മിലും, ബീച്ചിലും, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും പരിശീലനം നടത്തിയിരുന്നു. ഫിറ്റ്‌നസ് നന്നായി ശ്രദ്ധിച്ചിരുന്നു. അത് ഗുണം ചെയ്‌തു. ഭാര്യ ചാരുവിന്‍റെയും കുടുംബാംഗങ്ങളുടേയും പിന്തുണ ലഭിച്ചു. രാവിലെ അഞ്ചരയ്‌ക്ക് എഴുന്നേറ്റാണ് പരിശീലനം തുടങ്ങുന്നത്. ഫിറ്റ്‌നസ് പരിശീലകന്‍ അമല്‍ മനോഹരനും നന്ദിയറിയിക്കുന്നു. 

ഫൈറിയുടെ പിന്തുണക്ക് നന്ദി

കേരള മുന്‍ നായകനും ഐപിഎല്‍ താരവുമായിരുന്ന റൈഫി വിന്‍സന്‍റ് ഗോമസിന്‍റെ പിന്തുണയും ഉപദേശവും സഹായമായി. കഴിഞ്ഞ 10 വര്‍ഷമായി റൈഫി ചേട്ടന്‍ എന്നെ പിന്തുണയ്‌ക്കുന്നുണ്ട്. സഹായം നല്‍കാറുണ്ട്. സെഞ്ചുറി വരും. സെഞ്ചുറി അടിക്കാന്‍ പ്രതീക്ഷിച്ചല്ല ഇറങ്ങുന്നത്. ടീമിന്‍റെ അനുസരിച്ചാണ് കളി. ടീമിനായി എത്രയും പെട്ടെന്ന് റണ്‍സ് എടുക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. 

ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുന്നതിനെ കുറിച്ച്

ടീമില്‍ എത്തുന്നതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. ദേശീയ ടീം തെരഞ്ഞെടുപ്പ് എന്‍റെ കയ്യിലല്ല. മികച്ച പ്രകടനം തുടരാനും പ്രകടനം മെച്ചപ്പെടുത്താനുമാണ് ഞാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുന്നതും ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നതിനെയും കുറിച്ച് സഞ്ജുവിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് അത്ഭുതം നല്‍കുന്നു എന്ന് ഓസീസ് ഇതിഹാസം ഷെയ്‌ന്‍ വോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

സഞ്ജുവിന്‍റെ പ്രത്യേക അഭിമുഖം കാണാം

"

Powered by

'അച്ഛനാണ് എന്റെ കരുത്ത്, കഴിഞ്ഞ സീസണിലെ പ്രകടനത്തില്‍ ഞാന്‍ നിരാശനായിരുന്നു'; ഉള്ളുതുറന്ന് സഞ്ജു സാംസണ്‍