അബുദാബി: ഇന്ത്യന്‍ ടീമില്‍ തിരികെ എത്തിയതിന് ശേഷം ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിന് ആദ്യ മത്സരം. സെലക്ടര്‍മാരുടെ ഒരിക്കല്‍കൂടി തന്നിലര്‍പ്പിച്ച വിശ്വാസം ശരിയാണെന്ന് തെളിയിക്കാനായിക്കും സഞ്ജുവിന്റെ ശ്രമം. ഇന്ന് അബുദാബിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം. 

കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ സഞ്ജു ഫോമിലാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ആദ്യ രണ്ട് മത്സരത്തിലും താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു.  പിന്നീട് അതേ പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒരിക്കല്‍കൂടി ഫോമിലേക്ക് തിരിച്ചെത്തി. 12 ഇന്നിംഗ്‌സ് പിന്നിടുന്‌പോള്‍ 326 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 

സഞ്ജുവിന്റെ ബാറ്റില്‍നിന്ന് പറന്നത് 23 സിക്‌സറുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ബാറ്റ്‌സ്മാനെന്ന് ഗൗതം ഗംഭീര്‍ ആവര്‍ത്തിച്ച് വിശേഷിപ്പിക്കുന്ന സഞ്ജുവിനെ സെലക്ടര്‍മാരും അവഗണിച്ചില്ല. റിഷഭ് പന്തിനെയും ഇഷാന്‍ കിഷനെയുമൊക്കെ മറികടന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ട്വന്റി 20 ടീമില്‍ എത്തിയ സഞ്ജുവിന് സെലക്ടര്‍മാരുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം കാഴ്ച വയ്‌ക്കേണ്ടതുണ്ട്. 

2013ല്‍ ഐ പി എല്ലില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു 105 കളിയില്‍ രണ്ട് സെഞ്ചുറികളോടെ 2535 റണ്‍സെടുത്തിട്ടുണ്ട്. 2018ല്‍ നേടിയ 441 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ സീസണിലും 400 റണ്‍സ് കടന്പ മറികടക്കുകയാണ് സഞ്ജുവിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം 12 കളിയില്‍ 342 റണ്‍സെടുത്ത സഞ്ജു 2017ല്‍ 386 റണ്‍സും 2014ല്‍ 339 റണ്‍സും നേടിയിരുന്നു.