ദുബായ്: നാളെയാണ് ഐപിഎല്‍ പ്ലേ ഓഫിലെ ആദ്യ മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. ജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടിയുണ്ട്. എന്നാല്‍ ആദ്യ അവസരത്തില്‍ തന്നെ ഫൈനലില്‍ കടക്കുമെന്നാണ് ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍ പറയുന്നത്. 

പരിക്കിന്റെ പിടിയില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മയെ പുറത്താക്കാനുള്ള വ്യക്തമായ പ്ലാനും തങ്ങള്‍ക്കുണ്ടെന്നാണ് ധവാന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''രോഹിത് മികച്ച താരമാണ്. ഒരുപാട് മത്സരങ്ങള്‍ കളിക്കാതിരുന്ന രോഹിത് സ്വതസിദ്ധമായ ഫോമിലേക്ക് തിരികെയെത്തിയോ എന്നുള്ള കാര്യം സംശയമാണ്. രോഹിത്തിന്റെ ഈയൊരു സാഹചര്യം തീര്‍ച്ചയായും മുതലെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രോഹിത്തിന് എല്ലാ വിധ ആശംസകളും. എന്നാല്‍ എതിര്‍ ടീമിലായതിനാല്‍ ഞങ്ങള്‍ രോഹിത്തിന്റെ ഫോമില്ലായ്മ പരമാവധി മുതലെടുക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുക.'' ധവാന്‍ പറഞ്ഞു. 

പിന്‍തുട ഞെരമ്പിനേറ്റ പരിക്കുകാരണം രണ്ടാഴ്ചയോളം വിശ്രമത്തിലായിരുന്നു രോഹിത്. ഐപിഎല്ലില്‍ ഇനി കളിക്കുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി എസ്ആര്‍എച്ചിനെതിരേ അദ്ദേഹം മുംബൈയെ നയിക്കാന്‍ ഇറങ്ങിയത്. ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും പരിക്ക് ചൂണ്ടിക്കാട്ടി രോഹിത്തിനെ ഒഴിവാക്കിയിരുന്നു.