ദുബായ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും(19 പന്തില്‍ 26*) ജോണി ബെയര്‍സ്റ്റോയും(17 പന്തില്‍ 26*) ക്രീസില്‍ നില്‍ക്കേ ഹൈദരാബാദ് വിക്കറ്റ് നഷ്‌ടമില്ലാതെ 58 റണ്‍സെടുത്തിട്ടുണ്ട് 

കോട്രലിന്‍റെ ആദ്യ ഓവറില്‍ 13 റണ്‍സടിച്ചാണ് വാര്‍ണറും ബെയര്‍സ്റ്റോയും തുടങ്ങിയത്. രണ്ടാം ഓവറില്‍ മുജീബ് ആറിലൊതുക്കി. തൊട്ടടുത്ത ഓവറില്‍ ഷമി ഏഴ് റണ്‍സ് മാത്രം നല്‍കി. കോട്രല്‍ വീണ്ടും പന്തെടുത്തപ്പോള്‍ നാലാം ഓവറില്‍ വീണ്ടും റണ്‍പെയ്‌ത്ത്, 15 റണ്‍സ്. അഞ്ചാം ഓവര്‍ എറിഞ്ഞ ഷമിയുടെ രണ്ടാം പന്തില്‍ ബെയര്‍സ്റ്റോയെ കെ എല്‍ രാഹുല്‍ വിട്ടുകളഞ്ഞു. മുതലാക്കിയ സണ്‍റൈസേഴ്‌സ് ഈ ഓവറില്‍ 11 ചേര്‍ത്തു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ആറ് റണ്‍സും പിറന്നു. 

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സിദ്ദാര്‍ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് ഹൈദരാബാദ് ഇലവനിലെത്തി. അതേസമയം പഞ്ചാബ് മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് ഇന്നും അവസരമില്ല. സര്‍ഫ്രാസിനും ജോര്‍ദാനും ബ്രാറിനും പകരം പ്രഭ്‌സിമ്രാനും അര്‍ഷ്‌ദീപും മുജീബും ഇലവനിലെത്തി. 

ഹൈദരാബാദ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, കെയ്‌ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ്മ, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍.

പഞ്ചാബ് ഇലവന്‍: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിംഗ്, നിക്കോളാസ് പുരാന്‍, സിമ്രാന്‍ സിംഗ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിംഗ്, മുജീബ് റഹ്‌മാന്‍, മുഹമ്മദ് ഷമി. ഷെല്‍ഡണ്‍ കോട്രല്‍. 

ഇരു ടീമുകള്‍ക്കും വളരെ നിര്‍ണായകമായ പോരാട്ടമാണിത്. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ഡേവിഡ് വാര്‍ണറും സംഘവും ആറാം സ്ഥാനത്താണ്. അതേസമയം കെ എല്‍ രാഹുലും കൂട്ടരും ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റ് മാത്രമായി അവസാന സ്ഥാനത്താണ്.