അബുദാബി: ലസിത് മലിംഗയുടേയും ജസ്‌പ്രീത് ബുമ്രയുടെയും യോര്‍ക്കറുകള്‍ കണ്ട് ശീലിച്ചവരാണ് ഐപിഎല്‍ ആരാധകര്‍. ഈ സീസണോടെ ഈ പട്ടികയിലേക്ക് ഓടിക്കയറിയ താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ടി നടരാജന്‍. ടെന്നീസ് ബോളില്‍ കളിച്ചുവളര്‍ന്ന്, ഐപിഎല്ലിന്‍റെ വലിയ വേദിയില്‍ തുടര്‍ച്ചയായ യോര്‍ക്കറുകള്‍ കൊണ്ട് ഡെത്ത് ഓവര്‍ മാജിക് കാട്ടുന്ന താരം. സാക്ഷാല്‍ എബിഡിയും നടരാജന്‍റെ യോര്‍ക്കറിന്‍റെ മികവറിഞ്ഞു. ഗ്രൗണ്ടില്‍ 360 ഡിഗ്രിയില്‍ പന്ത് പായിക്കുന്ന എബിഡിയുടെ മിഡില്‍ സ്റ്റംപാണ് നടരാജന്‍ ഉഗ്രന്‍ യോര്‍ക്കറില്‍ തെറിപ്പിച്ചത്. 

എലിമിനേറ്ററില്‍ തുടക്കത്തിലെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏക പ്രതീക്ഷയായിരുന്നു എബിഡി ഒരറ്റത്ത് നിലയുറപ്പിച്ചത്. 39 പന്തില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട താരം ഡെത്ത് ഓവറുകളില്‍ സിക്‌സര്‍ പൂരം പായിക്കും എന്നായിരുന്നു ബാംഗ്ലൂര്‍ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ 18-ാം ഓവറില്‍ പന്തെടുത്ത നടരാജന്‍ കളി മാറ്റി. ആദ്യ പന്തില്‍ വാഷിംഗ്‌ടണ്‍ സുന്ദറെ സമദിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ അഞ്ചാം പന്തില്‍ എബിഡിയെ കാത്തിരുന്നത് ഒന്നൊന്നര കെണിയായിരുന്നു. എബിഡി 'ക്ലീന്‍ ബൗള്‍ഡ്'.

എബിഡിയുടെ മിഡില്‍ സ്റ്റംപാണ് സുന്ദര യോര്‍ക്കറില്‍ നടരാജന്‍ കവര്‍ന്നത്. 43 പന്തില്‍ 56 റണ്‍സായിരുന്നു 'മിസ്റ്റര്‍ 360'യുടെ അക്കൗണ്ടിലുണ്ടായിരുന്നത്. എബിഡിയെ വീഴ്‌ത്തിയ നടരാജന്‍റെ വിസ്‌മയ യോര്‍ക്കര്‍ കാണാം.