ദുബായ്: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫ് കാണാന്‍ സാധിച്ചില്ലെന്ന നാണക്കേടുമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് യുഎഇയില്‍ നിന്ന് മടങ്ങുന്നത്. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാണ് ധോണിയും സംഘവും മടങ്ങുന്നത്. വരും സീസണില്‍ പുതിയൊരു ടീമായിട്ടായിരിക്കും ചെന്നൈ  ഇറങ്ങുകയെന്നാണ് അണിയറയിലെ സംസാരം. 

വരും സീസണില്‍ ചെന്നൈയുടെ പദ്ധതികളെ കുറിച്ച് പറയുകയാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ടീമില്‍ അടുത്തവര്‍ഷം മാറ്റങ്ങള്‍ കൊണ്ടുവരികയെന്നത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യാണ്. ഋതുരാജ് ഗെയ്കവാദിനെ പോലെയുള്ള താരങ്ങള്‍ സീനിയോരിറ്റിയും യുവത്വവും ഇടകലര്‍ന്നവരാണ്. സ്ഥിരതയുള്ള ക്രിക്കറ്റ് കളിക്കുന്നതിനായി ചില കാര്യങ്ങള്‍ ചെയ്യണമെന്നാണ് ചിന്തിക്കുന്നത്. അതിനായുള്ള പദ്ധതിയിലാണ്. വലിയ ഉത്തരവാദിത്തമാണത്.'' മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ പറഞ്ഞു. 

അടുത്ത സീസണില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായേക്കുമെന്ന് ഉറപ്പായിട്ടില്ല. ഷെയ്ന്‍ വാട്‌സണ്‍ വിരമിച്ചുവെന്ന റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. കേദാര്‍ ജാദവിനെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നായകസ്ഥാനത്ത് എം എസ് ധോണി തുടരുമെന്ന് സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കിയിരുന്നു. 

വരുന്ന സീസണില്‍ ചില സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കേണ്ടത് സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. സുരേഷ് റെയ്നയുടെ അഭാവം ടീമിനെ വല്ലാതെ ബാധിച്ചു. ഇനി സിഎസ്‌കെയിലേക്ക് റെയ്ന തിരിച്ചെത്തില്ല. അതിനാല്‍ത്തന്നെ മൂന്നാം നമ്പറില്‍ മികച്ചൊരു താരത്തെ കണ്ടെത്തേണ്ടതുണ്ട്.