ദുബായ്: ഐപിഎല്‍ ആരവമുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചറെക്കുറിച്ച് മനസുതുറന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍ റൗണ്ടറായ ആന്ദ്രെ റസലാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചറെന്ന് ഗവാസ്കര്‍ സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ പറഞ്ഞു.

ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വിലകൂടി താരമായ പാറ്റ് കമിന്‍സിലാവും ആരാധകരുടെ കണ്ണുകളെന്നും ഗവാസ്കര്‍ വ്യക്തമാക്കി. യുഎഇയിലെ സ്ലോ പിച്ചുകളില്‍ തന്റെ വേഗമേറിയ പന്തുകള്‍ കൊണ്ടുമാത്രം കമിന്‍സിന് തിളങ്ങാനാവില്ലെന്നും ടീമിന് ബ്രേക്ക് ത്രൂ സമ്മാനിക്കണമെങ്കില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ അദ്ദേഹം തയാറാവേണ്ടിവരുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി. ഇത്രയും വിലയേറിയ താരത്തില്‍ നിന്ന്  ആരാധകര്‍ ഏറെ പ്രതീക്ഷിക്കും. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദം കമിന്‍സിലുണ്ടാകും.

കൊല്‍ക്കത്ത ടീമിന്റെ പുതിയ പരിശീലകനായ ബ്രണ്ടന്‍ മക്കല്ലത്തിന് കീഴില്‍ ടീം നിര്‍ഭയ ക്രിക്കറ്റ് ആവും കാഴ്ചവെക്കുകയെന്നും ഗവാസ്കര്‍ പറഞ്ഞു. ടോപ് ഓര്‍ഡറില്‍ ഓയിന്‍ മോര്‍ഗന്റെ സാന്നിധ്യം ടീമിന് കരുത്തുകൂട്ടുമെന്നും ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ മോര്‍ഗന്റെ തന്ത്രങ്ങളും ടീമിന് ഗുണകരമാകുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.ആളില്ലാ സ്റ്റേഡിയത്തിന് മുന്നില്‍ കളിക്കുന്നത് കളിക്കാര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു.

ആന്ദ്രെ റസലിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. 60 പന്ത് ബാറ്റ് ചെയ്യാന്‍ ലഭിച്ചാല്‍ റസലിന് ടി20 ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിപോലും നേടാനാവുമെന്നും കൊല്‍ക്കത്തയുടെ സഹപരിശീലകന്‍ ഡേവിഡ് ഹസി നേരത്തെ വ്യക്തമാക്കിയിരുന്നു.