Asianet News MalayalamAsianet News Malayalam

അനുഷ്‌കയെയും കോലിയെയും കുറിച്ചുള്ള പരാമര്‍ശം; വിവാദത്തില്‍ വിശദീകരണവുമായി ഗാവസ്‌കര്‍

ഒരു താരത്തെ വിമര്‍ശിക്കാന്‍ എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യയെ വലിച്ചിഴക്കുന്നത്, ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ ഗവാസ്‌കറെ കമന്‍റേറ്റര്‍ പനാലില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. 

ipl 2020 sunil gavaskar replies on sexist comment allegation
Author
Mumbai, First Published Sep 25, 2020, 8:26 PM IST

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ വിമര്‍ശിക്കുന്നതിനിടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെ ലൈംഗികമായി ആക്ഷേപിച്ചു എന്ന ആരോപണത്തില്‍ മറുപടിയുമായി കമന്‍റേറ്റര്‍ സുനില്‍ ഗാവസ്‌കര്‍. കോലിക്കെതിരെ അനുഷ്‌ക പന്തെറിഞ്ഞ കാര്യമാണ് താന്‍ പരാമര്‍ശിച്ചത് എന്നും മോശം പദപ്രയോഗം നടത്തിയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍റെ പ്രതികരണം. 

'അനുഷ്‌കയെ ഞാന്‍ അപമാനിച്ചോ കുറ്റപ്പെടുത്തിയോ ഇല്ല. ലോക്ക്‌ഡൗണിന്‍റെ സമയത്ത് കോലിക്കെതിരെ അനുഷ്‌ക ടെന്നീസ് ബോളില്‍ പന്തെറിഞ്ഞ കാര്യമാണ് താന്‍ പരാമര്‍ശിച്ചത്. ആരോ പകര്‍ത്തിയ വീഡിയോയില്‍ ഞാന്‍ കണ്ടതാണത്. ലോക്ക്‌ഡൗണില്‍ കോലി ഏറെ പന്തുകളൊന്നും നേരിട്ടിട്ടില്ല. വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ഭാര്യമാരെ താരങ്ങള്‍ കൂട്ടുന്നതിനെ എന്നും പിന്തുണച്ചിട്ടുള്ളയാളാണ് ഞാന്‍. ലോക്ക്‌ഡൗണ്‍ കാലത്തെ പരിമിതമായ പരിശീലനത്തെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്' എന്നും ഗാവസ്‌കര്‍ വിശദീകരിച്ചു. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നായകന്‍ വിരാട് കോലിയും ദയനീയ പ്രകടനം പുറത്തെടുത്തതോടെയായിരുന്നു ഗാവസ്‌റുടെ വിമര്‍ശനം.  ലോക്ക്ഡൗണ്‍ സമയത്ത് കോലി പരിശീലനം നടത്തിയത് ഭാര്യ അനുഷ്‌കയ്ക്ക് ഒപ്പമാണെന്നായിരുന്നു ഗാവസ്‌കറുടെ വാക്കുകള്‍. അനുഷ്‌കയുടെ പന്തുകള്‍ മാത്രമാണ് കോലി നേരിട്ടതെന്നും നെറ്റ് പ്രാക്റ്റീസും മറ്റും കാര്യമായി നടത്തിയില്ലെന്നും പരിഹാസത്തോടെ ഗാവസ്‌കര്‍ പറഞ്ഞു. ഈ വാക്കുകളാണ് വിവാദമായത്. 

ലോക്ക്ഡൗണ്‍ കോലി അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കാര്യമാണ് ഗവാസ്‌കര്‍ കമന്ററിയിലൂടെ സൂചിപ്പിച്ചത് എന്ന വാദമുണ്ട്. എങ്കിലും ഇതിഹാസ താരത്തിന്‍റെ പ്രയോഗം കോലിയെയും അനുഷ്‌കയെയും അപമാനിക്കുന്നതാണ് എന്ന വിമര്‍ശനമുയര്‍ന്നു. സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു താരത്തെ വിമര്‍ശിക്കാന്‍ എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യയെ വലിച്ചിഴക്കുന്നത്, ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ ഗവാസ്‌കറെ കമന്‍റേറ്റര്‍ പാനലില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.  

കോലിയെ വിമര്‍ശിക്കാന്‍ അനുഷ്‌കയുടെ പേര്‌ വലിച്ചിഴച്ചു; പുലിവാല് പിടിച്ച് ഗവാസ്‌കര്‍, വിവാദം കത്തുന്നു

Follow Us:
Download App:
  • android
  • ios