ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെകുറെ അവസാനിച്ചു. ഇന്ന്  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തല്‍ എട്ട് വിക്കറ്റിന് തോറ്റതോടെയാണ് പ്ലേ സാധ്യതകളില്‍ തീരുമാനമായത്. ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ഇതോടെ ഹൈദരാബാദിന് 10 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റായി. രാജസ്ഥാന് 11 മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് സ്മിത്തിനും സംഘത്തിനും അവശേഷിക്കുന്നത്. മറ്റു ടീമുകളുടെ മത്സരഫലങ്ങള്‍ നോക്കി മാത്രമെ രാജസ്ഥാന് പ്ലേ ഓഫില്‍ കളിക്കാന്‍ കഴിയൂ. 

മനീഷ് പാണ്ഡെ (48 പന്തില്‍ പുറത്താവാതെ 83), വിജയ് ശങ്കര്‍ (51 പന്തില്‍ പുറത്താവാതെ 52) എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. എട്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു മനീഷിന്റെ ഇന്നിങ്‌സ്. വിജയ് ആറ് ബൗണ്ടറികള്‍ നേടി. നേരത്തെ തകര്‍ച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡേവിഡ് വാര്‍ണറും (4), ജോണി ബെയര്‍സ്‌റ്റോയും (10) പവലിയനില്‍ തിരിച്ചെത്തി. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു രണ്ട് വിക്കറ്റും.

പിന്നാലെ ഒത്തുച്ചേര്‍ന്ന മനീഷ്- വിജയ് സഖ്യം 150 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തകര്‍ച്ചയുടെ വക്കില്‍ നിന്ന് വിജയത്തില്‍ നിര്‍ണായകമായതും ഇവരുടെ പ്രകടനം തന്നെ. നേരത്തെ സഞ്ജു സാംസണ്‍ (26 പന്തില്‍ 36), ബെന്‍ സ്റ്റോക്‌സ് (32 പന്തില്‍ 30), ജോഫ്ര ആര്‍ച്ചര്‍ (ഏഴ് പന്തില്‍ പുറത്താവാതെ 16), റിയാന്‍ പരാഗ് (12 പന്തില്‍ 20) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

റോബിന്‍ ഉത്തപ്പ (19), ജോസ് ബട്‌ലര്‍ (9), സ്റ്റീവന്‍ സ്മിത്ത് (19) എന്നിവാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ തെവാട്ടിയ (2) പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കര്‍ റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.