ഷാര്‍ജ: ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള വിധിനിര്‍ണായക പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരെ നഷ്ടം. ഏഴ് പന്തില്‍ നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 13 പന്തില്‍ 25 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡീകോക്കിന്‍റെയും വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. സന്ദീപ് ശര്‍മയാണ് ഇരുവരെയും പുറത്താക്കിയത്.

ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണുമായി ഇഷാന്‍ കിഷനും 14 പന്തില്‍ 21 റണ്‍സോടെ സൂര്യകുമാര്‍ യാദവും ക്രീസില്‍.

വരിഞ്ഞുകെട്ടി സന്ദീപും ഹോള്‍ഡറും

മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും പവര്‍പ്ലേയിലെ ആദ്യ നാലോവറില്‍ മുംബൈയെ അടിച്ചുതകര്‍ക്കാന്‍ അനുവദിച്ചില്ല. ആദ്യ നാലോവറില്‍ രോഹിത്തിന്‍റെ വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സാണ് മുബൈ നേടിയത്. മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് മുംബൈക്ക് രോഹിത്തിനെ നഷ്ടമായത്. സന്ദീപിന്‍റെ പന്തില്‍ വമ്പന്‍ ഷോട്ടിനായി ക്രീസ് വിട്ടിറങ്ങിയ രോഹിത്തിന് പിഴച്ചു. മിഡ് ഓഫില്‍ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ ഉജ്ജ്വല ക്യാച്ചില്‍ രോഹിത് പുറത്ത്.

സന്ദീപ് എറിഞ്ഞ അഞ്ചാം ഓവറില്‍ അടിച്ചുതകര്‍ത്ത ഡീകോക്ക് ആദ്യ മൂന്ന് പന്തില്‍ ഒരു ഫോറും രണ്ട് സിക്സും നേടിയെങ്കിലും നാലാം പന്തില്‍ ബൗള്‍ഡായി. പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷഹബാസ് നദീമിനെ രണ്ട് തവണ ബൗണ്ടറി കടത്തി സൂര്യകുമാര്‍ യാദവ് മുംബൈ സ്കോര്‍ റണ്‍സിലെത്തിച്ചു.

മുംബൈയെ കീഴടക്കിയാല്‍ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫിലെത്താനാവു. മുംബൈ ഇന്ത്യന്‍സാകട്ടെ ഒന്നാം സ്ഥാനക്കാരായി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയാണ് മുംബൈ ഇന്നിറങ്ങുന്നത്. രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ ജയന്ത് യാദവ് പുറത്തായി.

ജസ്പ്രീത് ബുമ്രക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണിയും ട്രെന്‍റ് ബോള്‍ട്ടിന് പകരം ജെയിംസ് പാറ്റിന്‍സണും മുംബൈയുടെ അന്തിമ ഇലവനിലെത്തി. ഹൈദരാബാദ് ടീമിലും ഒരു മാറ്റമുണ്ട്. അഭിഷേക് ശര്‍മക്ക് പകരം പ്രിയം ഗാര്‍ഗ് ഹൈദരാബാദ് ടീമിലെത്തി. ഷാര്‍ജയില്‍ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന  ടീമാണ് ജയിച്ചത്.

Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Ishan Kishan, Krunal Pandya, Kieron Pollard, Nathan Coulter-Nile, Rahul Chahar, James Pattinson, Dhawal Kulkarni.

Sunrisers Hyderabad (Playing XI): David Warner(c), Wriddhiman Saha(w), Manish Pandey, Kane Williamson, Priyam Garg, Jason Holder, Abdul Samad, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan.