ദില്ലി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം ഗൗതം ഗംഭീര്‍. കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ട സമയമായി എന്നാണ് രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള നായകന്‍റെ പ്രതികരണം. കോലിക്കെതിരെ നേരത്തെയും രൂക്ഷ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് ഗംഭീര്‍.

ഉത്തരവാദിത്വം കോലിക്ക് മാത്രം

കോലിയെ ആര്‍സിബി നായക സ്ഥാനത്തുനിന്ന് മാറ്റണോ എന്ന ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ ചോദ്യത്തിന് ഗംഭീറിന്‍റെ മറുപടി ഇങ്ങനെ. '100 ശതമാനം, കണക്കുകള്‍ തന്നെയാണ് ഇതിന് കാരണം. ട്രോഫികളില്ലാതെ എട്ട് വര്‍ഷം എന്നത് വലിയ കാലയളവാണ്. നായകനായി എന്നല്ല, കിരീടങ്ങളൊന്നുമില്ലാതെ എട്ട് വര്‍ഷം ഒരു താരത്തെ ടീമില്‍ നിലനിര്‍ത്തുക തന്നെ അസാധ്യമാണ്. ഈ പരാജയത്തിന്‍റെ ഉത്തരവാദിത്വം തനിക്കാണ് എന്ന് ഏറ്റുപറയാനുള്ള മനസ് കോലി കാട്ടണം. രവിചന്ദ്ര അശ്വിനെ നോക്കുക. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ രണ്ട് സീസണുകളില്‍ നയിച്ച് കിരീടം നേടാനാകാതെ വന്നതോടെ കസേര തെറിച്ചു'.

പ്ലേ ഓഫ് കളിക്കാന്‍ യോഗ്യരല്ല

'എം എസ് ധോണിയേയും രോഹിത് ശര്‍മ്മയെയും കുറിച്ച് നമ്മള്‍ സംസാരിക്കാറുണ്ട്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുന്ന് കിരീടങ്ങളിലേക്ക് നയിച്ചു. രോഹിത് ശര്‍മ്മ മുംബൈയില്‍ നാല് തവണ കപ്പുയര്‍ത്തി. അതുകൊണ്ടാണ് ഇരുവരും ദീര്‍ഘകാലം അവിടെ നായകനായിരിക്കുന്നത്. എട്ട് വര്‍ഷക്കാലം കിരീടമൊന്നും നേടിയിരുന്നില്ല എങ്കില്‍ രോഹിത്തിന്‍റെ കസേര തെറിക്കുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്. ആളുകള്‍ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ മാറില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ നേട്ടങ്ങളും പേരിലാക്കുന്നവര്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും തയ്യാറാകണം. പ്ലേ ഓഫിന് യോഗ്യത നേടി എന്ന് അവകാശപ്പെടാം. എന്നാല്‍ പ്ലേ ഓഫ് കളിക്കാന്‍ യോഗ്യരേ അല്ല ആര്‍സിബി'. 

എബിഡി മാത്രം കളിച്ച ടീം

'വിരാട് കോലിയും എ ബി ഡിവിലിയേഴ്‌സും മാത്രമുള്ള ടീമായി അത് ചുരുങ്ങി. എബിഡിയുടെ മാച്ച് വിന്നിംഗ്‌ ഇന്നിംഗ്‌സുകളാണ് വന്‍ ദുരന്തത്തില്‍ നിന്ന് ടീമിനെ കാത്തത്. എബിഡിക്ക് ഇത് മോശം സീസണ്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു ബാംഗ്ലൂരിന്‍റെ അവസ്ഥ. ടീമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് എന്തെങ്കിലും മെച്ചപ്പെട്ട് അവര്‍ ചെയ്‌തെന്ന് തോന്നുന്നില്ല. ഏഴില്‍ രണ്ടുമൂന്ന് മത്സരങ്ങള്‍ ജയിപ്പിച്ചത് എബിഡി ഒറ്റയ്‌ക്കാണ്. വ്യക്തിഗത മികവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്ലേ ഓഫിന് യോഗ്യരായത്. അതൊരിക്കലും കിരീടം നേടാന്‍ കരുത്തുള്ള പോരാളികളാക്കി ടീമിനെ മാറ്റില്ല' എന്നും ഗംഭീര്‍ വിമര്‍ശിച്ചു. 

ആരൊക്കെ വന്നാലും പോയാലും ആര്‍സിബി പഴയ ആര്‍സിബി തന്നെ; കിരീടമില്ലാതെ 13 വര്‍ഷം    

Powered by