ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം തവണയും കിരീടം നേടിയപ്പോള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരങ്ങള്‍ പലരുമുണ്ടായിരുന്നു. ഓരോ മത്സരത്തിലും ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റൊരു താരം അവസരത്തിനൊത്തുയരുന്നതായിരുന്നു മുംബൈയുടെ കരുത്ത്.

സീസണില്‍ മുഴുവന്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയും മുംബൈയുടെ പ്രധാന താരങ്ങളിലൊരാളാവുകയും ചെയ്ത കളിക്കാരനാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇഷാന്‍ കിഷന്‍. ക്വിന്‍റണ്‍ ഡീകോക്ക് കീപ്പറായി ഉള്ളതിനാല്‍ കീപ്പിംഗ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നില്ലെങ്കിലും പലമത്സരങ്ങിലും മുംബൈ വിജയത്തിലേക്ക് നയിക്കാന്‍ കിഷനായി.

ഇപ്പോഴിതാ മുംബൈയുടെ പോക്കറ്റ് ഡൈനാമിറ്റിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് മുന്‍ മുംബൈ താരം കൂടിയായ യുവരാജ് സിംഗ്. അഭിനന്ദനങ്ങള്‍ മുംബൈ ഇന്ത്യന്‍സ്, ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീം നിങ്ങളുടേതാണെന്ന് നിങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ക്യാപ്റ്റന്‍റെ ഇന്നിംഗ്സായിരുന്നു രോഹിത് ഫൈനലില്‍ പുറത്തെടുത്തത്. ഹൃദയം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. അവരുടെ ഏറ്റവും മികച്ച ടൂര്‍ണമെന്‍റായിരുന്നു ഇത്. ഇഷാന്‍ കിഷന്‍, വളരെ സ്പെഷല്‍ കളിക്കാരനായി മാറിക്കൊണ്ടിരിക്കുന്നു. എന്നായിരുന്നു യുവിയുടെ ട്വീറ്റ്.

ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 145.76 സ് ട്രൈക്ക് റേറ്റില്‍ 516 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. ഈ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ പറത്തിയ താരവും കിഷാനായിരുന്നു. 30 സിക്സുകള്‍ പറത്തി സിക്സര്‍ കിംഗായ ഇഷാന്‍ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.