ദുബായ്: മറ്റൊരു ഐപിഎല്‍ കിരീടത്തിലൂടെ ഒരിക്കല്‍കൂടി മികച്ച ക്യാപ്റ്റനെന്ന് തെളിയിച്ചിരിക്കുകാണ് രോഹിത് ശര്‍മ. രോഹിത്തിന് കീഴില്‍ അഞ്ചാം ഐപിഎല്‍ കിരീടമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഇതോടെ താരത്തെ പ്രശംസിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അതിലൊരാളാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ടി20 ക്രിക്കറ്റിലേ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്ന് സെവാഗ് വ്യക്തമാക്കി.

സെവാഗിന്റെ വാക്കുകളിങ്ങനെ... ''ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. ഏറ്റവും മികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. അവര്‍ കിരീടം നേടിയതില്‍ അത്ഭുതപ്പെടാനൊന്നുമല്ല. കിരീടം നേടാന്‍ അര്‍ഹതയുള്ള മറ്റൊരു ടീ്മും ഐപിഎല്ലില്‍ ഇല്ലായിരുന്നു.'' സെവാഗ് പറഞ്ഞു. ഇത്രയൊക്കെ പ്രതിസന്ധികളുണ്ടായിട്ടും വല്ല നല്ല രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റാണ് ഇത്തവണ നടന്നതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ടി20 ക്രിക്കറ്റില്‍ ഏറ്റവും കെട്ടുറപ്പുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറ വ്യക്തമാക്കി. മുംബൈ കളിക്കുന്ന പോലെ ലോകത്ത് ഒരു ടീം കളിക്കില്ലെന്നും നേടുന്നത് ചെറിയ സ്‌കോര്‍ ആയിരുന്നാല്‍ പോലും മുംബൈക്ക് ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും ലാറ പറഞ്ഞു.