ഷാര്‍ജ: ഐപിഎല്ലില്‍ 13-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിലെ മിന്നും ഫോം വിക്കറ്റിന് പിന്നിലും ആവര്‍ത്തിക്കുകയായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. രണ്ട് വീതം മിന്നും സ്റ്റംപിംഗുകളും ക്യാച്ചും മലയാളി താരം മത്സരത്തില്‍ നേടി. ഈ ക്യാച്ചുകളിലൊന്ന് വായുവിലെ അത്ഭുതങ്ങളിലൊന്നായിരുന്നു. നൊടിയിടയില്‍ സഞ്ജു പന്ത് കൈക്കലാക്കിയത് ആര്‍ക്കും വിശ്വസിക്കാനായില്ല. 

ചെന്നൈ ഇന്നിംഗ്‌സിലെ 14-ാം ഓവറില്‍ ടോം കറന്‍റെ പന്തിലായിരുന്നു സഞ്ജുവിന്‍റെ വായുവിലെ ക്യാച്ച്. കറന്‍റെ പന്ത് ഉയര്‍ത്തിയടിക്കാനായിരുന്നു കേദാര്‍ ജാദവിന്‍റെ ശ്രമം. പന്ത് എഡ്‌ജായി വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പോകുമെന്ന് തോന്നിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി മുകളിലേക്ക് ചാടി ഒറ്റകൈയില്‍ കുരുക്കി സഞ്ജു. 16 പന്തില്‍ 22 റണ്‍സാണ് ജാദവ് നേടിയത്. വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലസി പുറത്തായതും സഞ്ജുവിന്‍റെ ക്യാച്ചിലായിരുന്നു.   

സഞ്ജുവിന്‍റെ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക

മത്സരത്തില്‍ സ്റ്റംപിംഗുകൊണ്ടും സഞ്ജു സാംസണ്‍ വിസ്‌മയിപ്പിച്ചു. സാം കറന്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയാണ് സഞ്ജു സ്റ്റംപ് ചെയ്‌തത്. രാഹുല്‍ തിവാട്ടിയ എറിഞ്ഞ ഒന്‍പതാം ഓവറിലെ അടുത്തടുത്ത പന്തുകളിലായിരുന്നു വിക്കറ്റ്. ക്രീസിന് പുറത്തിറങ്ങി പന്ത് അടിച്ചകറ്റാന്‍ ശ്രമിച്ച ഇരുവരുടെയും സ്റ്റംപ് അനായാസം മലയാളി താരം തെറിപ്പിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി 32 പന്തില്‍ ഒന്‍പത് സിക്‌സറുകള്‍ സഹിതം 74 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിരുന്നു.