അബുദാബി: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് കാണാതെ മടങ്ങാം. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസ്ഥാന്‍ ഒരു മത്സരത്തിനിറങ്ങുന്നത്. വിശ്രമത്തിനിടയില്‍ മലയാളി താരം സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ജോസ് ബട്‌ലര്‍ കേരള സദ്യ കഴിക്കുന്ന വീഡിയോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. ''കേരള സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്‍.'' എന്നാണ് സഞ്ജു വീഡോയോയ്‌ക്കൊപ്പം എഴുതിച്ചേര്‍ത്തിരിക്കുന്നത്. എന്തായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 

Nammude swandam Jose Ettan having Kerala Sadhya !! 😅😅😅

A post shared by Sanju Samson (@imsanjusamson) on Oct 29, 2020 at 11:25am PDT

ഇന്ന് പഞ്ചാബിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദം രാജസ്ഥാന് തന്നെയാകും. 12 മത്സരങ്ങളില്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് പ്ലേഓഫിന് തൊട്ടടുത്തെത്താം. അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. 

ഓപ്പണര്‍ സ്ഥാനത്ത് തിളങ്ങുന്ന ബെന്‍ സ്റ്റോക്‌സിലും ഉത്തരവാദിത്തത്തോടെ ബാറ്റുവീശുന്ന സഞ്ജു സാംസണിലും മധ്യനിരയില്‍ ബാറ്റേന്തുന്ന ജോസ് ബട്‌ലറിലും തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ.