Asianet News MalayalamAsianet News Malayalam

അവസാനങ്ങളില്‍ റസ്സല്‍ ഷോ; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. 45 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.  ശുഭ്മാന്‍ ഗില്‍ 43 റണ്‍സെടുത്തു.
 

IPL 2021, Andre Russell late fire works helps KKR to decent score vs DC
Author
Ahmedabad, First Published Apr 29, 2021, 9:17 PM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് 155 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. 45 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.  ശുഭ്മാന്‍ ഗില്‍ 43 റണ്‍സെടുത്തു. അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്കോര്‍.

മധ്യനിരയുടെ തകര്‍ച്ച

നാലാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ നിതീഷ് റാണയെ (15) നഷ്ടമായി. അക്‌സറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു റാണയെ. മൂന്നാമനായി ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി (19) അല്‍പനേരം ക്രീസില്‍ പിടിച്ചുനിന്നു. എന്നാല്‍ മാര്‍കസ് സ്റ്റോയിനിസ് ബ്രേക്ക് ത്രൂ നല്‍കി. ലളിത് യാദവിന് ക്യാച്ച്. തുടര്‍ന്നെത്തിയ ഓയിന്‍ മോര്‍ഗന്‍ (0), സുനില്‍ നരെയ്ന്‍ (0) എന്നിവര്‍ അടുത്തടുത്ത പന്തുകളില്‍ പുറത്തായി. ലളിത് യാദവിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതിനിടെ ഗില്ലും ദിനേശ് കാര്‍ത്തികും (14) മടങ്ങി. എന്നാല്‍ അവസാനങ്ങളില്‍ ആന്ദ്രേ റസ്സില്‍ (27 പന്തില്‍ 45) നടത്തിയ പോരാട്ടം സ്‌കോര്‍ 150 കടത്തി. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പാറ്റ് കമ്മിന്‍സ് (11) പുറത്താവാതെ നിന്നു. 

ഡല്‍ഹിയില്‍ ഒരു മാറ്റം

നേരത്തെ, ഒരു മാറ്റം വരുത്തിയാണ് ഡല്‍ഹി ഇറങ്ങിയത്. അമിത് മിശ്രയ്്ക്ക് പകരം ലളിത് യാദവ് ടീമിലെത്തി. തോളിനേറ്റ പരിക്കാണ് മിശ്രയ്ക്ക് വിനയായത്. കൊല്‍ക്കത്ത മാറ്റമൊന്നും വരുത്തിയിരുന്നില്ല. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാന മത്സരത്തില്‍ ഡല്‍ഹി തോറ്റിരുന്നു. കൊല്‍ക്കത്ത ആറാമതാണ്. ഇത്രയയും മത്സരങ്ങളില്‍ നാല് പോയിന്റാണ് കൊല്‍ക്കത്തയ്ക്ക്.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ, ലളിത് യാദവ്, ആവേശ് ഖാന്‍, ഇശാന്ത് ശര്‍മ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.
 

Follow Us:
Download App:
  • android
  • ios