Asianet News MalayalamAsianet News Malayalam

ഗെയ്‌ക്‌വാദ്-ഉത്തപ്പ ക്ലാസ്, ധോണി ഫിനിഷിംഗ്; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്‌ത്തി ചെന്നൈ ഫൈനലില്‍

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ ചെന്നൈക്ക് തിരിച്ചടി നല്‍കിയാണ് നോര്‍ജെ തുടങ്ങിയത്. ഒരു റണ്‍സ് മാത്രമെടുത്ത ഡുപ്ലസി നോര്‍ജെയുടെ പേസിന് മുന്നില്‍ ബൗള്‍ഡായി. 

IPL 2021 Chennai Super Kings into final after beat Delhi Capitals by 4 wkts
Author
Dubai - United Arab Emirates, First Published Oct 10, 2021, 11:21 PM IST

ദുബായ്: റോബിന്‍ ഉത്തപ്പ(Robin Uthappa), റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad) ബാറ്റിംഗ് വിരുന്നില്‍ നാല് വിക്കറ്റ് ജയവുമായി ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings). ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) വച്ചുനീട്ടിയ 173 റണ്‍സ് വിജയലക്ഷ്യം സിഎസ്‌കെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നേടി. അവസാന ഓവറില്‍ എം എസ് ധോണിയുടെ(MS Dhoni) വിന്‍റേജ് ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം. സിഎസ്‌കെയുടെ ഒന്‍പതാം ഫൈനലാണിത്. 

തോറ്റെങ്കിലും ഡല്‍ഹിക്ക് ഫൈനലിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡല്‍ഹി നേരിടും. 

ഉത്തപ്പ-ഗെയ്‌ക്‌വാദ് ഷോ

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ ചെന്നൈക്ക് തിരിച്ചടി നല്‍കിയാണ് നോര്‍ജെ തുടങ്ങിയത്. ഒരു റണ്‍സ് മാത്രമെടുത്ത ഫാഫ് ഡുപ്ലസി നോര്‍ജെയുടെ പേസിന് മുന്നില്‍ ബൗള്‍ഡായി. എന്നാല്‍ റുതുരാജ് ഗെയ്‌ക്‌വാദ്-റോബിന്‍ ഉത്തപ്പ സഖ്യം പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 59 റണ്‍സിലെത്തിച്ചു. ഉത്തപ്പയായിരുന്നു കൂടുതല്‍ അപകടകാരി. നിര്‍ണായക മത്സരത്തില്‍ ഫോമിലെത്തിയ ഉത്തപ്പ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 

ഉത്തപ്പ അമ്പത് പിന്നിട്ടതും ഗെയ്‌ക്‌വാദ് ആക്രമണം ആരംഭിച്ചു. 13-ാം ഓവറില്‍ സിഎസ്‌കെ 100 തികച്ചു. എന്നാല്‍ 110 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറില്‍ ടോം കറന്‍റെ മൂന്നാം പന്തില്‍ ബൗണ്ടറിലൈന്‍ ക്യാച്ചുമായി ശ്രേയസ് പൊളിച്ചു. 44 പന്തില്‍ 63 റണ്‍സെടുത്ത ഉത്തപ്പ പുറത്ത്. തൊട്ടുപിന്നാലെ 37 പന്തില്‍ നിന്ന് ഗെയ്‌ക്‌വാദ് ഫിഫ്റ്റി പൂര്‍ത്തിയാക്കി. സ്ഥാനക്കയറ്റം കിട്ടിയ ഷര്‍ദുല്‍ ഠാക്കൂറാവട്ടെ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ അക്കൗണ്ട് തുറക്കാതെ കറന്‍റെ ഓവറിലെ അവസാന പന്തില്‍ ശ്രേയസിന്‍റെ കൈകളിലെത്തി. 

ഗെയ്‌ക്‌വാദ് ഫിനിഷറായില്ല, പക്ഷേ ധോണി...

റബാഡയുടെ അടുത്ത ഓവറില്‍ അമ്പാട്ടി റായുഡു(1) രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി. ഈ വിക്കറ്റിലും ശ്രേയസ് പങ്കാളിയായിരുന്നു. അവസാന മൂന്ന് ഓവറില്‍ 35 റണ്‍സായി ചെന്നൈയുടെ ലക്ഷ്യം. എന്നാല്‍ ഒരിക്കല്‍ കൂടി തന്‍റെ ക്ലാസ് തെളിയിച്ച ഗെയ്‌ക്‌വാദ്(50 പന്തില്‍ 70) ആവേഷിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ അക്‌സറിന്‍റെ ക്യാച്ചില്‍ പുറത്തായി. കറന്‍റെ അവസാന ഓവറിലെ ആദ്യ പന്തില്‍ മൊയീന്‍ അലി(12 പന്തില്‍ 16) മടങ്ങി. എന്നാല്‍ മൂന്ന് ബൗണ്ടറികളോടെ 13 റണ്‍സ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു. ധോണിയും(6 പന്തില്‍ 18*), രവീന്ദ്ര ജഡേജയും(0*) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 172 റണ്‍സെടുത്തു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ചുറിയിലും ഷിമ്രോന്‍ ഹെറ്റ്‌മയറുടെ അതിവേഗ സ്‌കോറിംഗിലുമാണ് ഡല്‍ഹിയുടെ മികച്ച റണ്‍ നേട്ടം. 

ഹേസല്‍വുഡിന്‍റെ ഇരട്ട വെടിക്ക് ഷായുടെ മറുപടി

പൃഥ്വി ഷാ ബൗണ്ടറികള്‍ അനായാസം പായിച്ചപ്പോള്‍ കരുതലോടെ തുടങ്ങുകയായിരുന്നു ശിഖര്‍ ധവാന്‍. എന്നാല്‍ ഇന്നിംഗ്‌സിലെ നാലാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ധവാനെ(7) തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡ് ധോണിയുടെ കൈകളിലെത്തിച്ചു. ഹേസല്‍വുഡ് വീണ്ടുമെത്തിയപ്പോള്‍ ആറാം ഓവറിലെ മൂന്നാം പന്തില്‍ ശ്രേയസും(1) വീണു. എങ്കിലും പവര്‍പ്ലേയില്‍ 51 റണ്‍സ് കണ്ടെത്താന്‍ ഡല്‍ഹിക്കായി. വ്യക്തിഗത സ്‌കോര്‍ 42ല്‍ നില്‍ക്കേ ഷായുടെ ക്യാച്ച് ധോണി പാഴാക്കിയത് ചെന്നൈക്ക് തിരിച്ചടിയായി. അവസരം മുതലാക്കിയ ഷാ 27 പന്തില്‍ 50 തികച്ചു. 

നാലാമനായി സ്ഥാനക്കയറ്റം കിട്ടിയ അക്‌സര്‍ പട്ടേലിന് അവസരം മുതലാക്കാനായില്ല. അലിയുടെ 10-ാം ഓവറില്‍ സിക്‌സറിന് ശ്രമിച്ച് അക്‌സര്‍(10) സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ സാന്‍റ്‌നറുടെ കൈകളില്‍ ഒതുങ്ങി. തൊടുടുത്ത ഓവറില്‍ ജഡേജ ഡല്‍ഹിക്ക് കനത്ത പ്രഹരമേല്‍പിച്ച് ഷായെ മടക്കി. 34 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം ഷാ 60 റണ്‍സ് നേടി. ഷാ പുറത്താകുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ 80-4. 

ഹെറ്റ്‌മയര്‍-റിഷഭ് ഹിറ്റ്

ക്രീസിലൊന്നിച്ച റിഷഭ് പന്തും-ഷിമ്രോന്‍ ഹെറ്റ്‌മയറും 14-ാം ഓവറില്‍ ഡല്‍ഹിയെ 100 കടത്തി. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 114 റണ്‍സാണ് ഡല്‍ഹിക്കുണ്ടായിരുന്നത്. 19-ാം ഓവറിലെ നാലാം പന്തില്‍ ഹെറ്റ്‌മയറെ(24 പന്തില്‍ 37) ജഡേജയുടെ കൈകളില്‍ ബ്രാവോ എത്തിക്കുംവരെ ഈ കൂട്ടുകെട്ട് നീണ്ടു. ഹെറ്റ്‌മയര്‍-റിഷഭ് സഖ്യം 83 റണ്‍സ് ചേര്‍ത്തു. അവസാന അഞ്ച് ഓവറില്‍ 58 റണ്‍സ് പിറന്നപ്പോള്‍ റിഷഭും(35 പന്തില്‍ 51*), ടോം കറനും(0*) പുറത്താകാതെ നിന്നു. 

ടോസ് ജയിച്ച് ധോണി

ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെ സിഎസ്‌കെ ഇറങ്ങിയപ്പോള്‍ റിഷഭിന്‍റെ ഡല്‍ഹി റിപാല്‍ പട്ടേലിന് പകരം ടോം കറനെ ഉള്‍പ്പെടുത്തി. മൂന്ന് വിക്കറ്റുമായി കറന്‍ നിര്‍ണായകമായെങ്കിലും അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയം സമ്മാനിക്കാനായില്ല.

ഡല്‍ഹി ക്യാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, റിഷഭ് പന്ത്(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കാഗിസോ റബാഡ, ടോം കറന്‍, ആവേഷ് ഖാന്‍, ആന്‍റിച്ച് നോര്‍ജെ. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്. 

Follow Us:
Download App:
  • android
  • ios