റായുഡുവിന്‍റെ പരിക്കില്‍ ചെന്നൈ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നത്

ദുബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്സ്‌മാന്‍ അമ്പാട്ടി റായുഡു പരിക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ടായിരുന്നു. മുംബൈ പേസര്‍ ആദം മില്‍നെയുടെ പന്ത് കൈത്തണ്ടയില്‍ കൊണ്ടാണ് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. വെറും മൂന്ന് പന്തുകള്‍ മാത്രമേ താരം നേരിട്ടുള്ളൂ. റായുഡുവിന്‍റെ പരിക്കില്‍ ചെന്നൈ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 

റായുഡുവിന്‍റെ പരിക്കില്‍ ഭയക്കാനില്ലെന്ന് മത്സര ശേഷം സിഎസ്‌കെ നായകന്‍ എം എസ് ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും വ്യക്തമാക്കി. 

'സാഹചര്യത്തിന് അനുസരിച്ച് അമ്പാട്ടി റായുഡു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. റായുഡു ചിരിക്കുന്നുണ്ട്. കൈക്ക് പൊട്ടലില്ല എന്ന് വ്യക്തം. അടുത്ത മത്സരത്തിലേക്ക് നാല് ദിവസങ്ങളുള്ളത് താരത്തിന് ഗൂണകരമാകും' എന്നായിരുന്നു മത്സര ശേഷം ധോണിയുടെ വാക്കുകള്‍. 'റായുഡുവിന്‍റെ എക്‌സറേയില്‍ പ്രശ്‌നങ്ങളില്ല. പൊട്ടലുണ്ടോ എന്ന് ഭയപ്പെട്ടെങ്കിലും സന്തോഷ വാര്‍ത്തയാണുള്ളത്' എന്ന് ഫ്ലെമിംഗും പ്രതികരിച്ചു. 

ഷാര്‍ജയില്‍ സെപ്റ്റംബര്‍ 24ന് വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അതേസമയം അബുദാബിയില്‍ 23-ാം തിയതി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ് മുംബൈ ഇന്ത്യന്‍സ് ഇനിയിറങ്ങുക. 

റായുഡുവിന്‍റെ പരിക്കിനിടയിലും മുംബൈ ഇന്ത്യൻസിനെതിരെ വമ്പന്‍ തിരിച്ചുവരവിനൊടുവില്‍ ചെന്നൈ സൂപ്പർ കിംഗ്സ് വിജയിച്ചിരുന്നു. ഇരുപത് റൺസിനായിരുന്നു ധോണിപ്പടയുടെ വിജയം. ചെന്നൈയുടെ 156 റൺസ് പിന്തുടർന്ന മുംബൈയ്‌ക്ക് 136 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി(58 പന്തില്‍ 88) ചെന്നൈ ബാറ്റിംഗിന്‍റെ നെടുന്തൂണായി മാറിയ റുതുരാജ് ഗെയ്‌ക്‌വാദാണ് കളിയിലെ താരം.

വെടിക്കെട്ട് വീരന്‍മാര്‍ ആരൊക്കെ; കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2014 ആവര്‍ത്തികുമോ.? തിരിച്ചുവരവില്‍ ടീം അഴിച്ചുപണിത് മോര്‍ഗനും സംഘവും

ആര്‍സിബി നായകസ്ഥാനത്ത് നിന്നുള്ള പിന്മാറ്റം; കോലിക്കെതിരെ ഗംഭീര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona